സാവോപോളോ
കിക്കോഫിന് ഒരാഴ്ചമാത്രം ബാക്കിയിരിക്കെ അനശ്ചിതത്വം തുടരുന്ന കോപ അമേരിക്ക ഫുട്ബോളിനുണ്ടാകുമെന്ന് അർജന്റീനയുടെ ഉറപ്പ്. ഫുട്ബോൾ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കളിക്കാരുടെ അഭിപ്രായം വന്നിട്ടില്ല.ജൂൺ 13 മുതൽ ജൂലൈ 11 വരെ ബ്രസീലിലാണ് ടൂർണമെന്റ് നിശ്ചയിച്ചിട്ടുള്ളത്. കൊളംബിയയും അർജന്റീനയും പിൻമാറിയപ്പോഴാണ് അവസാനനിമിഷം ബ്രസീൽ ആതിഥേയരാകാൻ തയ്യാറായത്. ഇതേച്ചൊല്ലി ബ്രസീലിൽ വിവാദം കൊടുമ്പിരികൊള്ളുമ്പോഴാണ് സംഘാടകർക്ക് അർജന്റീനയിൽനിന്നുള്ള സന്തോഷ വാർത്ത.
കോവിഡിന്റെ സാഹചര്യത്തിൽ അർജന്റീന പിൻമാറുമെന്ന പ്രചാരണത്തിന് മറുപടിയാണിത്. ബ്രസീലിലെ കോവിഡ് കണക്കാണ് പ്രശ്നം. ആകെയുള്ള 21.20 കോടി ജനങ്ങളിൽ 1.7 കോടിപ്പേരെ രോഗം ബാധിച്ചു. മരണസംഖ്യ 4.7 ലക്ഷമാണ്. കോവിഡ് രോഗികളുടെ എണ്ണത്തിൽ ലോകത്ത് മൂന്നാംസ്ഥാനത്താണ് ബ്രസീൽ. മരണസംഖ്യയിൽ രണ്ടാമത്. ബ്രസീൽ ദേശീയ ടീമിലെ കളിക്കാർ ഒറ്റക്കെട്ടായി കോപയ്ക്കെതിരാണ്. നാളത്തെ ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷം കളിക്കാർ പരസ്യമായി നിലപാട് പ്രഖ്യാപിക്കും. സമാന അഭിപ്രായങ്ങൾ മറ്റ് ടീമുകളിൽനിന്ന് ഉണ്ടായേക്കും. അതിനുശേഷമായിരിക്കും കോപയുടെ ഭാവി.
ബ്രസീലിൽ ഇന്നത്തെ സാഹചര്യത്തിൽ കളി സുരക്ഷിതമല്ലെന്ന് അർജന്റീനയുടെ കോച്ച് ലയണൽ സ്കലോനി പറഞ്ഞു. ഈ സമയത്തെ ടൂർണമെന്റ് സാഹസികമാണെന്ന് ചിലി കോച്ച് മാർട്ടിൻ ലസാർട്ടേ പ്രതികരിച്ചു.