ദോഹ
സുനിൽ ഛേത്രിയുടെ ഇരട്ടഗോളിൽ ഇന്ത്യ ബംഗ്ലാദേശിനെ 2–-0ന് കീഴടക്കി. ലോകകപ്പ് ഫുട്ബോൾ യോഗ്യതയിൽ കളിയുടെ അവസാനഘട്ടത്തിലായിരുന്നു ഛേത്രിയുടെ രണ്ട് ഗോളും. ആദ്യത്തേത് മലയാളിതാരം ആഷിഖ് കുരുണിയൻ തൊടുത്ത തകർപ്പൻ ക്രോസിൽ നിന്നായിരുന്നു. പകരക്കാരനായാണ് ആഷിഖ് കളത്തിലെത്തിയത്.
രണ്ടാമത്തെ ഗോൾ പരിക്കുസമയത്തായിരുന്നു. സുരേഷ് സിങ്ങിന്റെ ക്രോസ് തകർപ്പൻ ഷോട്ടിലൂടെ ഛേത്രി വലയിലെത്തിച്ചു. ഇതോടെ രാജ്യന്തര ഫുട്ബോളിൽ ഛേത്രിക്ക് 74 ഗോളായി. നിലവിൽ കളിക്കുന്നവരിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മാത്രം പിന്നിൽ. റൊണാൾഡോയ്ക്ക് 103 ഗോളാണ്.
പതിനഞ്ചിന് അഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യയുടെ അടുത്തമത്സരം. ഏഴ് കളിയിൽ ആറ് പോയിന്റുമായി മൂന്നാമതാണ് ഗ്രൂപ്പ് ഇയിൽ ഇന്ത്യ. യോഗ്യതാ റൗണ്ടിൽ ഇഗർ സ്റ്റിമച്ചിന്റെയും സംഘത്തിന്റെയും ആദ്യ ജയമാണിത്. ഇതോടെ 2023 ഏഷ്യൻ കപ്പിനുള്ള യോഗ്യത പ്രതീക്ഷ സജീവമാക്കാൻ കഴിഞ്ഞു. ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. രണ്ടാംപകുതിയിൽ ആഷിഖിന്റെ വരവോടെ കളിയിൽ മാറ്റംവന്നു.