കൊച്ചി
ഇന്ധനവില കുതിച്ചുകയറുന്നു. തിങ്കളാഴ്ച പെട്രോളിന് 28 പൈസയും ഡീസലിന് 29 പൈസയും കൂട്ടി. ഇതോടെ തിരുവനന്തപുരം നഗരത്തിൽ പ്രീമിയം (സ്പീഡ്) പെട്രോളിന്റെ വില 100 കടന്നു. 100.67 രൂപയാണ് തിങ്കളാഴ്ചത്തെ വില. വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലും പ്രീമിയം പെട്രോള്വില 100 കടന്നു. കഴിഞ്ഞ മൂന്നരമാസത്തിനുള്ളിൽ പ്രീമിയം പെട്രോളിന് 5.78 രൂപയാണ് കൂട്ടിയത്. സാധാരണ പെട്രോളിന്റെ വിലയും നൂറിനോട് അടുത്തു.
തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 97.29 ഉം ഡീസലിന് 92.63 രൂപയുമായി. കൊച്ചിയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 95.41, 90.86 രൂപയും കോഴിക്കോട്ട് 95.72, 91.18 രൂപയുമാണ്. ഒരാഴ്ചയ്ക്കുള്ളിൽ പെട്രോളിന് 1.08 രൂപയും ഡീസലിന് 1.14 രൂപയുമാണ് കൂട്ടിയത്. കഴിഞ്ഞ 35 ദിവസത്തിനുള്ളില് 20 തവണയായി പെട്രോളിന് 5.01 ഉം ഡീസലിന് 5.93 രൂപയും കൂട്ടി.