കോഴിക്കോട്
അബദ്ധം പറ്റിയതാണ്, രക്ഷിക്കണമെന്ന് വിതുമ്പി കെ സുരേന്ദ്രൻ. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന- ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലാണ് വിവാദമായ കൊടകര കുഴൽപ്പണ തട്ടിപ്പിൽ തെറ്റുപറ്റിയതായി സുരേന്ദ്രന്റെ ഏറ്റുപറച്ചിൽ. എന്നാൽ, സുരേന്ദ്രന്റെ നിലപാടുകളെ പി കെ കൃഷ്ണദാസ് പക്ഷം രൂക്ഷമായി വിമർശിച്ചു. ഇപ്പോഴത്തെ വാക്കുകൾ വിശ്വസിക്കാനാകില്ല. ആരാണ് ധർമരാജനെന്നും ആരോട് ചോദിച്ചാണ് ചുമതല ഏൽപ്പിച്ചതെന്നുമുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ലായിരുന്നു. പരിചയസമ്പത്തുള്ളവരോട് കൂടിയാലോചിക്കാത്തതിന്റെ ദുരന്തമാണ് ഇപ്പോൾ പാർടി അനുഭവിക്കുന്നതെന്ന് കൃഷ്ണദാസും ജനറൽ സെക്രട്ടറി എം ടി രമേശും പറഞ്ഞു.
സ്ഥാനാർഥിനിർണയംമുതൽ എല്ലാം പിഴച്ചതായി എ എൻ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ കൂട്ടായ്മയുണ്ടായില്ല. ഫണ്ട് വിതരണത്തിൽ എന്ത് മാനദണ്ഡമാണ് പാലിച്ചതെന്ന് കേന്ദ്രനേതൃത്വം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ൃതെരഞ്ഞെടുപ്പ് തോൽവിക്കും ഇപ്പോഴത്തെ നാണക്കേടിനും സുരേന്ദ്രനും വി മുരളീധരനുമാണ് ഉത്തരവാദിയെന്നു പറഞ്ഞുള്ള ആക്രമണത്തിൽ തകർന്നാണ് അബദ്ധം പറ്റിയെന്ന സുരേന്ദ്രന്റെ കുമ്പസാരം. എന്നാൽ, വിമർശനശരമേറ്റ വി മുരളീധരന് സുരേന്ദ്രനെ രക്ഷിക്കാനായതേയില്ല.
കേന്ദ്രഭരണത്തെക്കുറിച്ചുമാത്രം സംസാരിച്ച് നാലുമണിക്കൂർ നീണ്ട യോഗത്തിൽനിന്ന് നേരത്തേ തടിയൂരി. ജനറൽ സെക്രട്ടറിമാരായ പി സുധീർ, ജോർജ് കുര്യൻ, സി കൃഷ്ണകുമാർ എന്നിവർ മാത്രമാണ് സുരേന്ദ്രനെ പിന്തുണച്ചത്. പാർടിയാണ് ആക്രമിക്കപ്പെടുന്നതെന്നും നേതൃത്വം ഒറ്റക്കെട്ടായി നിൽക്കണമെന്നും സുധീർകുമാർ നിർദേശിച്ചു. എല്ലാം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയിലുണ്ടെന്ന് പ്രഭാരി സി പി രാധാകൃഷ്ണൻ പറഞ്ഞു.
തമ്മിലടി സാമൂഹ്യ മാധ്യമങ്ങളിലും
കെ സുരേന്ദ്രൻ ബിജെപിയുടെ സിങ്കമാണ്, ഈ സിങ്കക്കുട്ടിയെ ആർക്കും ഒന്നും ചെയ്യാനാകില്ലെന്ന് മുരളീധര പക്ഷത്തെ അനുയായികൾ. ഉടുമുണ്ടഴിച്ച് തലയിലിട്ട് നടക്കേണ്ട സ്ഥിതി സുരേന്ദ്രൻ വരുത്തിയതായി എതിർപക്ഷം. ഇനി നേതാക്കൾക്കും പ്രവർത്തകർക്കും കുഴൽവാസമാണ് നല്ലതെന്ന് പരിഹാസവുമുണ്ട്. കൊടകര കുഴൽപ്പണ തട്ടിപ്പും പണമിടപാടുകളും നാണക്കേടുണ്ടാക്കിയതിന്റെ തുടർച്ചയായി സമൂഹമാധ്യമങ്ങളിൽ വിഴുപ്പലക്കുകയാണ് ബിജെപിയിലെ ഗ്രൂപ്പുകൾ.
നേതാക്കളുടെ ഫേസ് ബുക്ക് പേജുകളിൽ മുതൽ ബിജെപിയുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലാകെ രൂക്ഷമായ ആക്രമണമാണ്. ആർഎസ്എസ് മുഖപത്രമായ ജന്മഭൂമി, ജനം ടിവി എന്നിവയുടെ സമൂഹമാധ്യമ പേജുകളിലും കമന്റുകൾ നിറയുകയാണ്. ഞാനും മുരളിയേട്ടനും മകനുമെന്ന ശൈലിക്ക് കിട്ടിയ തിരിച്ചടിയായാണ് സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യുമെന്ന വാർത്തയോടുള്ള പ്രവർത്തകരുടെ പ്രതികരണം. പാർടി എന്നാൽ ഫാൻസല്ല, ഏട്ടൻ വേണോ പ്രസ്ഥാനം വേണോ എന്നതാണിപ്പോഴത്തെ ചോദ്യമെന്നും വിമർശനമുയർന്നു.