ന്യൂഡൽഹി
കേരളത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ വലിയ ക്രമക്കേട് നടന്നതായി ദേശീയ നേതൃത്വത്തിന് റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ കനത്ത തിരിച്ചടിക്ക് ആരെല്ലാമാണ് ഉത്തരവാദികളെന്ന് വിശദമാക്കി ഇ ശ്രീധരൻ, ജേക്കബ്ബ് തോമസ്, സി വി ആനന്ദബോസ് എന്നിവരാണ് റിപ്പോർട്ട് സമർപ്പിച്ചത്. നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും നിർദേശപ്രകാരമാണ് മൂന്നു പേരും റിപ്പോർട്ട് വെവ്വേറെ സമർപ്പിച്ചത്. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, തെരഞ്ഞെടുപ്പ് മേൽനോട്ട ചുമതലയുണ്ടായിരുന്ന വി മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർക്ക് തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് റിപ്പോർട്ട്. മൂന്നു പേരുടെയും റിപ്പോർട്ട് ദേശീയ നേതൃത്വം ഗൗരവത്തിൽ പരിഗണിച്ചാൽ മുരളീധരന്റെയും സുരേന്ദ്രന്റെയും ബി എൽ സന്തോഷിന്റെയും നില പരുങ്ങലിലാകും.
സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനാണ് കേരളത്തിന്റെ ചുമതല. സാധാരണഗതിയിൽ ഇദ്ദേഹത്തിൽ നിന്നാണ് നേതൃത്വം റിപ്പോർട്ട് തേടേണ്ടത്. എന്നാൽ, വ്യത്യസ്തമായി സമീപകാലത്തുമാത്രം ബിജെപിയിൽ ചേർന്ന ഇ ശ്രീധരൻ, ജേക്കബ്ബ് തോമസ്, ആനന്ദബോസ് എന്നിവരെ ചുമതലപ്പെടുത്തുകയായിരുന്നു. കേരള ഘടകത്തിൽ കടുത്ത ഗ്രൂപ്പുപോര് നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഇവരെ ചുമതലപ്പെടുത്തിയത്. ബിജെപിയോട് താൽപ്പര്യമുള്ള മറ്റ് നിരവധി പ്രമുഖരുടെ അഭിപ്രായങ്ങളും ദേശീയ നേതൃത്വം ആരായുന്നുണ്ട്. രാജ്യസഭാംഗം സുരേഷ് ഗോപിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുഴൽപ്പണ വിവാദത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ തുടർറിപ്പോർട്ടുകളും ശ്രീധരൻ, ജേക്കബ്ബ് തോമസ്, ആനന്ദബോസ് എന്നിവർ നൽകും.
മുരളീധരനും സുരേന്ദ്രനും ഒഴിഞ്ഞുമാറാനാകില്ല
ഫണ്ട് വിനിയോഗത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി ഇപ്പോഴത്തെ കൊടകര കുഴൽപ്പണ വിവാദംകൂടി ചൂണ്ടിക്കാട്ടി നിലവിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഫണ്ട് ശരിയായ വിധത്തിലല്ല വിഭജിക്കപ്പെട്ടത്. മുരളീധരനും സുരേന്ദ്രനും ഫണ്ട് വിതരണത്തിൽ പ്രത്യേക താൽപ്പര്യമെടുത്തു. തോൽവിയുടെ ഉത്തരവാദിത്തത്തിൽനിന്ന് ഇവർക്ക് ഒഴിഞ്ഞുമാറാനാകില്ല. ബി എൽ സന്തോഷ് ഇവരെ പിന്തുണച്ചു. വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധയുണ്ടായില്ല. സുരേന്ദ്രനടക്കം ചില നേതാക്കൾ സ്വന്തം ജയംമാത്രം ലക്ഷ്യമിട്ട് പ്രവർത്തിച്ചു–- തുടങ്ങിയ നിരീക്ഷണങ്ങളും റിപ്പോർട്ടിലുണ്ട്. തെരഞ്ഞെടുപ്പ് തോൽവിക്കുശേഷം മുരളീധരനും സുരേന്ദ്രനും മറ്റുമെതിരായി നാൽപ്പതോളം പരാതി കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിരുന്നു.