തൃശൂർ: കേരളത്തിൽ വാദിയെ പ്രതിയാക്കുന്ന പരിപാടിയാണ് നടക്കുന്നതെന്ന് ബി ജെ പി നേതാവ് എ എൻ രാധാകൃഷ്ണൻ. കൊടകര കുഴൽപ്പണ കേസിൽ പോലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്നും ഇതിനെതിരേ സംസ്ഥാനവ്യാപകമായി ഈ മാസം പത്താം തീയതി മുതൽ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊടകര കേസിന്റെ അന്വേഷണ സംഘത്തിലെ ഡി വൈ എസ് പി സോജൻ വെറുക്കപ്പെട്ട വ്യക്തിയാണ്, എ സി പി വി. കെ.രാജു ഇടത് സഹയാത്രികനാണ്. ഇവരെയൊക്കെ നിയോഗിച്ച് ഞങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണ്. കേട്ടുകേൾവിയില്ലാത്ത സംഭവമാണ് കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കേരളം എന്നൊരു ചെറിയ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ഇന്ത്യഭരിക്കുന്ന രാഷ്ട്രീയപാർട്ടിയെ ഭയപ്പെടുത്താൻ ശ്രമിക്കുന്നു. പിണറായി വിജയൻ അടക്കമുള്ള ആളുകൾ തിരഞ്ഞെടുപ്പിൽ ചെലവാക്കിയ പണത്തിന്റെ കണക്കുകൾ കൊണ്ടുവരട്ടേയെന്നും അദ്ദേഹം പറഞ്ഞു.
ധർമരാജൻ പരാതി കൊടുത്തു. ആ കൊടുത്ത പരാതിയിൽ ബന്ധപ്പെട്ട എത്ര പ്രതികളുണ്ട്, ആരൊക്കെയാണ് പ്രതികൾ, അവരുടെ രാഷ്ട്രീയ ബന്ധമെന്താണ് എന്നീ കാര്യങ്ങളൊന്നും പുറത്ത് വിടുന്നില്ല. ഇവരുടെ ഫോൺ സന്ദേശങ്ങൾ പുറത്ത് വിടുകയോ ഇവരുടെ രാഷ്ട്രീയബന്ധം പുറത്തുകൊണ്ട് വരുകയോ ചെയ്യുന്നില്ല. പരാതിക്കാരനുമായി ബന്ധപ്പെട്ട് പ്രതികളുമായി ബന്ധപ്പെട്ടിട്ടുള്ള മാർട്ടിൻ കൊടുങ്ങല്ലൂർ എ ഐ വൈ എഫ് നേതാവാണ്. മുൻമന്ത്രി സുനിൽകുമാറിന്റെ അനുയായി ആണ്. മാർട്ടിനുമായി ബന്ധപ്പെട്ട് രേഖകൾ പരിശോധിച്ചാൽ സുനിൽകുമാറിനെ വിളിപ്പിക്കേണ്ടി വരും. ഇത് വാദിയെ പ്രതിയാക്കുന്ന പരിപാടിയാണ്.
ഞങ്ങൾ എല്ലാ പണവും കൃത്യമായി രേഖയുള്ളവരാണ്. കൊടകരയിലേത് കുഴൽപ്പണമാണെങ്കിൽ എന്തുകൊണ്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അന്വേഷണം ഏൽപ്പിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയെ പൊതുസമൂഹത്തിന് മുന്നിൽ തോജോവധം ചെയ്യാനുള്ള ശ്രമമാണ് കേരളത്തിൽ വ്യാപകമായി നടത്തുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാർ വക്താവ് ബി. ഗോപാലകൃഷ്ണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
Content Highlights:A N Radhakrishnan against state government on Kodakara black money robbery