തിരുവനന്തപുരം: കോൺഗ്രസിനെയും ബി.ജെ.പിയെയും വിമർശിച്ചും കൊടകര കുഴൽപ്പണ കേസിൽ ഗൗരവമായ അന്വേഷണമാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയും മുഖ്യമന്ത്രി പിണറായി വിജയൻ. കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാജവാർത്തകൾ സൃഷ്ടിക്കൽ, അന്വേഷണം വഴിതിരിച്ചുവിടൽ, രാഷ്ട്രീയ പ്രതിയോഗികളെ തേജോവധം ചെയ്യൽ എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്ര ഏജൻസികൾ നടത്തിയ പ്രൊഫഷണലിസമില്ലാത്ത അന്വേഷണത്തെ ന്യായീകരിച്ചു നടന്ന കോൺഗ്രസും ബി.ജെ.പിയും സൃഷ്ടിച്ച പുകമുറയ്ക്കു പിന്നിലാണ് കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ആഭിമുഖ്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് നടന്ന സ്രോതസ്സ് വെളിപ്പെടുത്താൻ കഴിയാത്ത പണത്തിന്റെ ഒഴുക്കെന്ന് അദ്ദേഹം പറഞ്ഞു.
ഇതെല്ലാം ജനങ്ങൾ തിരിച്ചറിയുകയും വ്യാജപ്രചരണങ്ങളെ തള്ളിക്കളയുകയും ചെയ്തുവെന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയാണ്. സ്വാതന്ത്രലബ്ധിക്കു ശേഷമുള്ള ഇന്ത്യയിൽ ജനാധിപത്യ വ്യവസ്ഥയ്ക്കു മേൽ വൻതോതിലുള്ള അഴിമതി പരത്തിയ കരിനിഴലും കള്ളപ്പണം നമ്മുടെ സാമ്പത്തിക അസമത്വങ്ങളെ വർധിപ്പിക്കുന്നതും തുറന്നുകാട്ടാൻ നിരന്തരം സമരങ്ങളിൽ ഏർപ്പെട്ടത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. കള്ളപ്പണത്തിന്റെ വളർച്ചയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കിയ കോൺഗ്രസും അതിനെ പൂർവാധികം ശക്തിയായി പ്രോത്സാഹിപ്പിക്കുന്ന ബിജെപിയും ഒന്നിച്ചാണ് കേരളത്തിൽ ഇടതുപക്ഷപ്രസ്ഥാനങ്ങളെ താറടിക്കാൻ ശ്രമിക്കുന്നത് എന്നത് കേവലം യാദൃശ്ചികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കള്ളപ്പണത്തിന്റെ വളർച്ച തടയുകയും നികുതി സംവിധാനം ശാക്തീകരിക്കുകയും അതുവഴി പൊതുഖജനാവിലെത്തുന്ന പണം പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിന് വിനിയോഗിക്കുകയും ചെയ്യണം എന്നതാണ് ഇടതുപക്ഷ മുന്നണിയുടെ ശക്തമായ നിലപാട്. ഈ കേസുമായി ബന്ധപ്പെട്ട് ഗൗരവമായ അന്വേഷണമാണ് നടക്കുന്നത്. നടക്കാൻ പാടില്ലാത്ത കുറ്റകൃത്യമാണ് നടന്നതെന്നും അതിനെതിരെയുള്ള ശക്തമായ നടപടിയുമായാണ് പോലീസ് നീങ്ങുന്നത്. അതിന്റെ ഭാഗമായാണ് എസ്.ഐ.ടി അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേരെ പോലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. ഒരു കുറ്റവാളിയും രക്ഷപ്പെടാൻ പാടില്ലെന്ന വിധത്തിലാണ് അന്വേഷണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ മറുപടിയിലെപ്രധാന പരാമർശങ്ങൾ
കള്ളപ്പണത്തിന്റെ വ്യാപനത്തെക്കുറിച്ച് പറയുമ്പോൾ സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഇന്ത്യയിൽ കള്ളപ്പണത്തിന്റെ വ്യാപനം വലിയ തോതിൽ നടന്നുവെന്നത് തർക്കമില്ലാത്ത കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്താനും നിർദേശം സമർപ്പിക്കാനും കേന്ദ്രസർക്കാർ പലസമിതികളെ നിയോഗിച്ചിട്ടുണ്ട്. ഇതിൽ ആദ്യത്തേതാണ് നിക്കോളാസ് കൽദോർ കമ്മിറ്റി. പിന്നാലെ വാഞ്ചോ കമ്മിറ്റി. 1800 കോടി രൂപയാണ് 1968-69-ൽ ഇന്ത്യയിൽ നിലവിലുണ്ടായിരുന്നതെന്ന് വാഞ്ചോ കമ്മിറ്റി കണ്ടെത്തി.
ഇതിനു ശേഷം 84-ൽ കള്ളപ്പണത്തെ പറ്റി പഠനം നടത്താൻ കേന്ദ്ര ധനമന്ത്രാലയം മറ്റൊരു കമ്മിറ്റിയെ നിയോഗിച്ചു. അവരുടെ കണ്ടെത്തൽ പ്രകാരം ഇന്ത്യയുടെ ആഭ്യന്തര വരുമാനത്തിന്റെ 21 ശതമാനത്തോളം കള്ളപ്പണം വരുമെന്നായിരുന്നു. അതായത് 48,422 കോടി രൂപയാണ് 1983-84ൽ കള്ളപ്പണമായി ഇന്ത്യാ സർക്കാരിന്റെ സമിതി തന്നെ അനുമാനിച്ചത്. അതിനുശേഷം 2013-14ൽ 162 രാജ്യങ്ങളിലെ നിഴൽ സമ്പദ്ഘടനയെ കുറിച്ച് പഠനം നടത്തിയ സാമ്പത്തിക വിദഗ്ധർ കണ്ടെത്തിയത് 2013-14-ൽ ഇന്ത്യയിൽ കള്ളപ്പണത്തിന്റെ തോത് ആഭ്യന്തര വരുമാനത്തിന്റെ 22 ശതമാനം ആണെന്നാണ്. ആഭ്യന്തര വരുമാനം വളരുന്ന സംഖ്യ ആയതിനാൽ 2013-14ൽ കള്ളപ്പണത്തിന്റെ കണക്ക് 25.53 ലക്ഷം കോടിയയായണ് കണക്കാക്കിയത്. സമ്പദ്ഘടനയുടെയും നികുതി വരുമാനത്തിന്റെയും വളർച്ച വലിയ വേഗം കൈവരിച്ചിട്ടില്ലെങ്കിൽ പോലും കള്ളപ്പണത്തിന്റെ വളർച്ച അഭൂതപൂർവമായ ഗതിവേഗമാണ് രേഖപ്പെടുത്തിയത്.
1968-84 വരെ 25 ഇരട്ടി വളർന്ന കള്ളപ്പണം, 2013-14ൽ അൻപത് ഇരട്ടിയാണ് വളർന്നത്. ഇതെല്ലാം തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതിനും ഭൂമിയിലെയും ഓഹരിവിപണിയിയിലെയും ഊഹക്കച്ചവടത്തിനുമാണ് ഉപയോഗിക്കപ്പെട്ടത്. ചുരുക്കത്തിൽ ജനാധിപത്യ വ്യവസ്ഥയുടെ അന്തഃസത്തയെ ചോർത്തിക്കളയുന്ന രീതിയിലാണ് കള്ളപ്പണത്തിന്റെ അതിവേഗ വളർച്ചയുണ്ടായത്. ഉദാരവൽക്കരണവും നിയന്ത്രണങ്ങൾ നീക്കം ചെയ്യലും കള്ളപ്പണം താനെ ഇല്ലാതാകുന്നതിന് കാരണമാകുമെന്നാണ് അക്കാലത്തെല്ലാം അധികാരത്തിലുണ്ടായിരുന്ന സർക്കാരുകൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ കണക്കുകൾ സൂചിപ്പിക്കുന്നത് മറിച്ചാണ്. കോഴയിടപാടുകളും പൊതുമുതൽ കൊള്ളയടിക്കലും വൻതോതിൽ കള്ളപ്പണത്തിന്റെ വളർച്ചയ്ക്ക് കാരണമായിത്തീരും. ഇങ്ങനെ ഉത്ഭവിക്കുന്ന കള്ളപ്പണത്തിന്റെ ഒരു ഭാഗം വിദേശത്തേക്ക് പോകുന്നത് പിന്നീട് ഹവാല പണമായി തിരിച്ചുവരുന്നതും പരക്കെ അറിയപ്പെടുന്ന വസ്തുതയുമാണ്.
ഇത്തരത്തിൽ വിദേശത്തേക്ക് കടത്തിയ കള്ളപ്പണം കണ്ടെത്തി രാജ്യത്തേക്ക് കൊണ്ടുവരുമെന്നും സാധാരണക്കാരന് ആളോഹരി 15 ലക്ഷം രൂപയുടെ ഗുണം ലഭിക്കുമെന്നുമാണ് ബിജെപി 2014ലെ തിരഞ്ഞെടുപ്പു കാലത്ത് പ്രചരിപ്പിച്ചത്. അധികാരത്തിൽ വന്ന് നൂറുദിവസത്തിനുള്ളിൽ വിദേശത്തുനിന്ന് കള്ളപ്പണം നാട്ടിലെത്തിക്കുമെന്നായിരുന്നു വാഗ്ദാനം. കണ്ടുകെട്ടിയ എത്ര കള്ളപ്പണം നാട്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് ഇന്നുവരെ ജനങ്ങളോടു പറയാൻ ബിജെപി സർക്കാർ തയ്യാറായിട്ടില്ല. തിരിച്ചുകൊണ്ടുവന്ന പണത്തിൽനിന്ന് ആർക്കും ഒരു പൈസകിട്ടിയതായി അറിവുമില്ല. 2011-ൽ യുപിഎ രണ്ടാം സർക്കാരിന്റെ കാലത്ത് ഇന്ത്യയിലെ കള്ളപ്പണത്തിന്റെ തോത് എത്രയാണെന്ന് കണക്കാക്കാനും പരിഹാരം നിർദേശിക്കാനും മൂന്ന് സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിരുന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനൻസ് ആൻഡ് പോളിസി, നാഷണൽ കൗൺസിൽ ഫോർ എക്കണോമിക് റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെന്റ് എന്നിവയായിരുന്നു ഈ സ്ഥാപനങ്ങൾ. ഇവ മൂന്ന് റിപ്പോർട്ടുകൾ കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ആദ്യത്തെ റിപ്പോർട്ട് 2013 ഡിസംബർ 30-നാണ്. മറ്റ് രണ്ടു റിപ്പോർട്ടുകളും സമർപ്പിച്ചത് ഒന്നാം എൻഡിഎ സർക്കാരിന്റെ കാലത്താണ്. ഈ മൂന്ന് റിപ്പോർട്ടുകളും പൊതുമണ്ഡലത്തിൽവെക്കാൻ രണ്ട് സർക്കാറുകളും തയ്യാറായിട്ടില്ല. സുതാര്യത ഇല്ലായ്യ്ക്ക് ഇതിൽ പരം ഉദാഹരണം ആവശ്യമില്ല. റിപ്പോർട്ടുകൾ പുറത്തുവരാത്തതിന് കാരണം സമ്പദ് വ്യവസ്ഥയിലെ കള്ളപ്പണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നെന്ന കണ്ടെത്തലുകളാണെന്ന് പത്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
2016 നവംബർ എട്ടിന് നോട്ട് നിരോധനം നടപ്പാക്കിയപ്പോൾ കേന്ദ്രസർക്കാർ ജനങ്ങളോടു പറഞ്ഞത് കള്ളപ്പണം ഇല്ലായ്മ ചെയ്യാനുള്ള സാമ്പത്തിക ശസ്ത്രക്രിയ എന്നാണ്. കറൻസിയുടെ ചംക്രമണം കുറയുമ്പോൾ കള്ളപ്പണം കുറയുമെന്നും നമ്മുടെ സമ്പദ്ഘടനയിൽ ആഭ്യന്തര വരുമാനത്തിന്റെ 12 ശതമനം കറൻസിയാണെന്നും ഇത് ആറുശതമാനമാക്കി കുറയ്ക്കാൻ കഴിയുമെന്നും നോട്ട് നിരോധനം ഈ ലക്ഷ്യത്തിലേക്കുള്ള മാർഗമാണെന്നുമാണ് കേന്ദ്രം പറഞ്ഞത്. എന്നാൽ നോട്ട് നിരോധനത്തിനു ശേഷം അഞ്ചുവർഷം കഴിയാൻ പോകുന്നു.കറൻസി ആഭ്യന്തരവരുമാനത്തിന്റെ 14 ശതമാനമാണ് ഇപ്പോൾ. അസംഘടിത മേഖലയ്ക്കും സാധാരണക്കാരനും ധാരാളം ദുരന്തം വിതച്ചത് ഒഴിച്ചാൽ എന്താണ് നോട്ട് നിരോധനം വഴി കൈവരിക്കാൻ കഴിഞ്ഞതെന്ന് നാം പരിശോധിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പിൽ കള്ളപ്പണത്തിന്റെ ഇടപെടൽ ജനാധിപത്യത്തെ അട്ടിമറിക്കലാണെന്നത് ആരും എടുത്തുപറയേണ്ട കാര്യമില്ല. രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിങ്ങിൽ സുതാര്യത വേണമെന്ന ആവശ്യം പലകോണിൽനിന്നും ഉയർന്നുവരവേ അതിനെ പരിഹസിക്കുന്ന രീതിയിലാണ് ഇലക്ടറൽ ബോണ്ടുകൾ പുറപ്പെടുവിക്കാൻ കേന്ദ്രം നിയമനിർമാണം നടത്തിയത്. കള്ളപ്പണം ആവശ്യത്തിന് തിരഞ്ഞെടുപ്പിൽ ഒഴുകിയെത്താൻ എല്ലാവിധ സൗകര്യങ്ങളും ചെയ്യുന്നതാണ് ഈ നിയമനിർമാണം-മുഖ്യമന്ത്രി പറഞ്ഞു
content highlights: chief minister pinarayi vijayan on kodakara black money case