ആദ്യം സത്യപ്രതിജ്ഞ ചെയ്‌ത മെയ് 24 മുതൽ ക്രമാനുസൃതമായി സത്യപ്രതിജ്ഞ നടത്തിയ ജൂൺ രണ്ടുവരെയുള്ള തീയതിവരെയാണ് പിഴ നൽകേണ്ടത്. അതേസമയം, രാജ പങ്കെടുത്തതോ വോട്ട് രേഖപ്പെടുത്തിയതോ ആയ നടപടികൾ ഒന്നും അസാധുവാകില്ല.
സത്യപ്രതിജ്ഞ ദിവസം എ രാജയ്‌ക്ക് തമിഴ് ഭാഷയിൽ നൽകിയ സത്യപ്രതിജ്ഞ ഫോറത്തിൽ ‘ദൈവനാമത്തിൽ’ എന്നോ ‘സഗൗരവം’ എന്നോ ചേർത്തിരുന്നില്ല. ഇതോടെ ഈ വാക്ക് ഉപയോഗിക്കാതെയാണ് അദ്ദേഹം സത്യപ്രതിജ്ഞ നടത്തിയത്. എന്നാൽ എംഎൽഎയുടെ ഭാഗത്ത് നിന്നുമുണ്ടായത് ഗുരുതരമായ വീഴ്‌ചയാണെന്ന് നിയമവകുപ്പ് സെക്രട്ടറി അറിയിച്ചു. സത്യപ്രതിജ്ഞയിൽ പിശക് സംഭവിച്ചതായും വ്യക്തമാക്കി.
നിയമവകുപ്പ് തെറ്റ് ചൂണ്ടിക്കാട്ടിയതോടെ ജൂൺ രണ്ടിന് ശരിയായ രീതിയിൽ രാജയ്‌ക്ക് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിവന്നു. ഗുരുതരമായ സംഭവത്തിൽ രാജയ്‌ക്ക് വന്ന വീഴ്‌ചയെക്കുറിച്ച് അന്വേഷിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും സ്‌പീക്കർ നിർദേശം നൽകിയിരുന്നു. പരിശോധനയിൽ നിയമവകുപ്പ് തമിഴിൽ തയ്യാറാക്കി നൽകിയ സത്യപ്രതിജ്ഞ ഫോറത്തിൽ ‘ദൈവനാമത്തിൽ’ എന്നോ ‘സഗൗരവം’ എന്നോ ചേർക്കാത്തതാണ് വീഴ്‌ചയ്‌ക്ക് കാരണമായതെന്ന് കണ്ടെത്തി.
ആദ്യ സത്യപ്രതിജ്ഞയിൽ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമ വകുപ്പ് തര്‍ജമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് വിലയിരുത്തൽ. നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സ്പീക്കര്‍ ആവശ്യപ്പെട്ടത്.
കന്നഡ, തമിഴ് ഉൾപ്പെടെ നാല് ഭാഷകളിലാണ് പതിനഞ്ചാം നിയമസഭയിലെ എംഎൽഎമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. 43 പേര്‍ ദൈവനാമത്തിലും 13 പേര്‍ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. മഞ്ചേശ്വരത്തു നിന്നുള്ള കെഎം അഷ്റഫ് എംഎൽഎ കന്നഡയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പാലാ എംഎൽഎ മാണി സി കാപ്പനും മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനും ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്.