മെൽബണ്‍: മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ (M.A.V) മുൻ കമ്മിറ്റി അംഗവും, ഒഐസിസി മുൻ ജനറൽ സെക്രട്ടറിയുമായ ജോർജ് തോമസിന്‍റെ (ലാലുച്ചായൻ) സഹോദരൻ കീക്കൊഴൂർ തോട്ടത്തിൽ (പൈങ്ങാട്ട്) ജോർജ് സണ്ണി പമ്പാ നദിയിൽ ഇന്നലെ മുങ്ങി മരിച്ചു. മഴക്കാല വിനോദമായ മീൻ പിടിത്തത്തിനിടയിൽ കാലിൽ വല കുരുങ്ങിയതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച ഉച്ചയ്ക്ക് ചെറുവള്ളവുമായി പമ്പാ നദിയിൽ തനിയെ മീൻ പിടിക്കാൻ പോയ സണ്ണിയെ വലയിൽ കുരുങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. കാട്ടൂർ അമ്പലത്തിനു മുൻപിലെ കടവിനരുകിൽ, വള്ളവും, വലയും കുരുങ്ങി കിടക്കുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് അഗ്നിശമനസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് മൃതദ്ദേഹം കോഴഞ്ചേരി ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രത്യേക സാഹചര്യത്തിൽ കോവിഡ് പിരിശോധനയും പോസ്റ്റ് മോർട്ടവും നടത്തി. ശവസംസ്കാര ശുശ്രൂഷകൾ നാളെ ചൊവ്വാഴ്ച (08/May/ 21′) രാവിലെ 11 മണിക്ക് കീക്കൊഴൂർ മാർതോമാ പള്ളിയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തും എന്ന് ബന്ധുമിത്രാദികൾ അറിയിച്ചു .
പരേതനായ പി.ടി. ജോർജിന്‍റെയും, തങ്കമ്മ ജോർജിന്‍റെയും മകനാണ് ജോർജ് സണ്ണി.
ഭാര്യ: ഗ്രേയ്സി. മക്കൾ: സുജി, സിജി. മരുമക്കൾ: ഷാലിയ, സുജു. മറ്റുസഹോദരൻ: മോനി (പൂനെ).
സമൂഹത്തിലെ നാനാ തുറകളിൽ പെട്ടവർ പരേതന് ആദരാഞ്ജലികൾ അർപ്പിച്ചു .
സഹോദരന്റെ വിയോഗത്തിൽ നാട്ടിൽ എത്താനാകാതെ വിഷമിക്കുന്ന ലാലുച്ചായന് , മാനസികമായ എല്ലാ പിന്തുണയും നൽകുന്നതായി ഓസ്‌ട്രേലിയയിലെ വിവിധ മലയാളീ സംഘടനാ ഭാരവാഹികളും, വിദേശത്തും , സ്വദേശത്തുമുള്ള അനേകം സുഹൃത്തുക്കളും, രാഷ്ട്രീയ/മത/ സന്നദ്ധസംഘടന നേതാക്കളും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ അറിയിച്ചു.
OICC – ഓസ്ട്രേലിയ ഘടകം ദേശീയ പ്രസിഡന്റ് ഹൈനെസ്സ് ബിനോയ് , നാട്ടിൽ വേണ്ടി വരുന്ന ക്രമീകരണങ്ങൾക്കും , നടപടികൾക്കും എല്ലാ പിന്തുണയുമേകി,പരേതന്റെ കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് , OICC – വിക്ടോറിയ (State) മുൻ പ്രസിഡൻറ് ‘ജോസഫ് പീറ്ററോടൊപ്പം’ നടത്തിയ ഫോൺ സന്ദേശത്തിൽ ഓസ് മലയാളത്തോടായി പറഞ്ഞു . രാജ്യാന്തര വ്യോമ അതിർത്തികൾ നിലവിൽ അടക്കപ്പെട്ട നിലയിലായതിനാൽ, ശ്രീ : ഹൈനെസ്സ് ബിനോയ് സ്വദേശമായ തൊടുപുഴയിലാണ് ഇപ്പോഴുള്ളത്.
മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (M. A. V) പ്രസിഡന്റ് ശ്രീ : തമ്പി ചെമ്മനവും, ‘എൻറെ ഗ്രാമം’ ചാരിറ്റി ട്രസ്റ് ചെയർമാനും, മൈത്രി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റുമായ ശ്രീ: സജി മുണ്ടക്കനും അതാത് അസോസിയേഷന്റെ പേരിലും, മെൽബൺ മലയാളീ സമൂഹത്തിന്റെ പേരിലും, പരേതനോടുള്ള അനുശോചനം രേഖപ്പെടുത്തി.
സഹോദരന്റെ അപ്രതീക്ഷിത വിയോഗത്തിൽ , ദുഃഖാർത്ഥനായ ലാലുച്ചായന് , ആശ്വാസവാക്കുകളേകിയും , നാട്ടിലെ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനുതകുന്ന സഹായങ്ങൾക്കായും കൂടെയുണ്ടാകുമെന്ന് ആത്മസ്നേഹിതൻ കൂടിയായ പ്രവാസി കേരള കോൺഗ്രസ് (M) വിക്ടോറിയ പ്രസിഡന്റ് സെബാസ്റ്റ്യൻ ജേക്കബ് (Frankston) ഓസ് മലയാളത്തോട് പറഞ്ഞു .
സംസ്കാര ചടങ്ങുകൾ യൂട്യൂബ് മുഖേന ലൈവ് ആയി ഉണ്ടാകുമെന്ന് ശ്രീ ജോർജ്ജ് തോമസ് (ലാലുച്ചായൻ) OzMalayalam.com നോട് പറഞ്ഞു . തദവസരം ലൈവ് ആയി വീക്ഷിക്കാനും , പരേതന്റെ ആത്മാവിനു വേണ്ടി പ്രാർത്‌ഥിക്കാനും അദ്ദേഹം അഭ്യുദയാംകാംക്ഷികളോട് അഭ്യർത്‌ഥിച്ചു .
Funeral ceremony live ആയി കാണാനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു