കാസർകോട്
നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥി കെ സുന്ദരയെ പണം നൽകിയും ഭീഷണിപ്പെടുത്തിയും പിൻമാറ്റിയ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പ്രതിയാകും. സുരേന്ദ്രന്റെ അനുയായിയും കൊടകര കുഴൽപ്പണക്കേസിലെ ധർമരാജന് പണം കൈമാറിയ യുവമോർച്ച മുൻ സംസ്ഥാന ട്രഷററുമായ സുനിൽ നായിക്കാണ് പിൻമാറാൻ പണം നൽകിയതെന്ന് സുന്ദര പൊലീസിന് മൊഴിനൽകി.
മൊഴിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് അഴിമതിക്കു പുറമെ, സുന്ദരയെ തട്ടിക്കൊണ്ടുപോയതിനും അന്യായമായി തടങ്കലിൽ വച്ചതിനും ക്രിമിനൽ കേസെടുക്കും. സുനിൽ നായിക്കിനു പുറമെ, മഞ്ചേശ്വരത്തെ ബിജെപി നേതാക്കളായ സുരേഷ് നായിക്, അശോക ഷെട്ടി എന്നിവരും പ്രതികളാകും. കേസ് അന്വേഷിക്കുന്ന ബദിയടുക്ക പൊലീസിന് ഞായറാഴ്ചയാണ് സുന്ദര മൊഴി നൽകിയത്. ബന്ധുവീട്ടിൽനിന്നാണ് സുന്ദരയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.
സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് അഴിമതിക്ക് കേസെടുക്കണമെന്ന് പരാതിപ്പെട്ട, മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി വി വി രമേശനിൽനിന്ന് പൊലീസ് മൊഴിയെടുത്തു. പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ പൊലീസ് തിങ്കളാഴ്ച കേസ് രജിസ്റ്റർ ചെയ്യും. കാസർകോട് ഡിവൈഎസ്പി പി പി സദാനന്ദന്റെ മേൽനോട്ടത്തിൽ ബദിയടുക്ക പൊലീസ് ഇൻസ്പെക്ടർ കെ സലീമാണ് അന്വേഷിക്കുന്നത്. തെരഞ്ഞെടുപ്പ് അഴിമതിക്ക് കേസെടുക്കുന്നതിന് കോടതിയുടെ അനുമതി ആവശ്യമുള്ളതിനാൽ വി വി രമേശൻ കാസർകോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ തിങ്കളാഴ്ച ഹർജി നൽകും.
സുന്ദരയുടെ അമ്മയെ
ഭീഷണിപ്പെടുത്തി
കഴിഞ്ഞദിവസം ബിജെപി പ്രാദേശിക നേതാക്കൾ വീട്ടിൽ എത്തിയെന്നും അമ്മയെ ഭീഷണിപ്പെടുത്തി, പണം നൽകിയിട്ടില്ലെന്ന് പറയിപ്പിച്ചതായും സുന്ദര പറഞ്ഞു. ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ടതിനാൽ കുടുംബത്തിന് പൊലീസ് സംരക്ഷണം അനുവദിച്ചു.
സുനിൽ നായിക് (വൃത്തത്തിനുള്ളിൽ) മാർച്ച് 21ന് സുന്ദരയുടെ വീട്ടിലെത്തിയപ്പോൾ
പണം നൽകിയത് യുവമോർച്ചാ മുൻനേതാവ്
മാർച്ച് 21നു രാവിലെ സുനിൽ നായിക്, സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരാണ് സുരേന്ദ്രനുവേണ്ടി സ്ഥാനാർഥിത്വം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വാണിനഗറിലെ വീട്ടിൽ എത്തിയതെന്ന് സുന്ദര മൊഴിനൽകി. പിൻവലിക്കാൻ തനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. ഇവർ ബലമായി കാറിൽ കയറ്റി ബിജെപിയുടെ മഞ്ചേശ്വരം ജോഡ്ക്കൽ ഓഫീസിലേക്ക് കൊണ്ടുപോയി വൈകിട്ടുവരെ തടഞ്ഞുവച്ചു. 15 ലക്ഷം രൂപയും വീടും കർണാടകയിൽ വൈൻ ഷോപ്പും വാഗ്ദാനം ചെയ്തു. തുടർന്ന്, തന്നെ വീട്ടിൽ എത്തിച്ചു. അമ്മയുടെ കൈയിൽ രണ്ടരലക്ഷം രൂപ നൽകി. സുരേന്ദ്രൻ ജയിച്ചാൽ ബാക്കി തുക നൽകാമെന്ന് പറഞ്ഞു. പിന്നീട്, മൊബൈൽ ഫോണും നൽകി. 22ന് ബിജെപി നേതാക്കൾക്കൊപ്പം കലക്ടറേറ്റിൽ എത്തി നാമനിർദേശപത്രിക പിൻവലിച്ചു. പണം നൽകിയശേഷം സുന്ദരയ്ക്ക് കാവിഷാൾ അണിയിച്ച ചിത്രം സുനിൽ നായിക് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.