കൊച്ചി
കൊടകര കുഴൽപ്പണം ഇടപാട് പാർടിയുടെ പ്രതിച്ഛായ തകർത്തെന്നും തെരഞ്ഞെടുപ്പുഫണ്ടിന്റെ പൂർണ ഉത്തരവാദിത്തമുള്ള സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതൃത്വം മാറിനിൽക്കണമെന്നും ബിജെപി കോർകമ്മിറ്റി യോഗത്തിൽ കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടു. എല്ലാ മണ്ഡലത്തിലും ഫണ്ട് കൃത്യമായി എത്തിയില്ലെന്ന വിമർശവും ഉയർന്നു. ഒരു ഘട്ടത്തിൽ യോഗം വാക്കേറ്റത്തിലേക്ക് നീങ്ങി. ഫണ്ട് കൈകാര്യം ചെയ്ത സുരേന്ദ്രൻ, ഫണ്ട് തിരിമറിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സുരേന്ദ്രനും മുരളീധരനും ചേർന്ന് ജനങ്ങൾക്കുമുന്നിൽ ബിജെപിയെ കൊള്ളരുതാത്ത പാർടിയാക്കി മാറ്റിയെന്നും ഒരു വിഭാഗം തുറന്നടിച്ചു.
പാർടി നേതാക്കളെ വിശ്വാസമില്ലാത്തതുകൊണ്ടാണോ സംസ്ഥാന അധ്യക്ഷൻ മകനെ ഫണ്ട് കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നും പി കെ കൃഷ്ണദാസും ഒപ്പമുള്ള സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശും വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണനും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിനുശേഷം നേരിട്ടുചേർന്ന ആദ്യ കോർകമ്മിറ്റിയിൽ ബിജെപിയുടെ കനത്ത പരാജയവും രൂക്ഷവിമർശത്തിന് ഇടയാക്കി. അധ്യക്ഷൻ രണ്ടിടത്ത് മത്സരിച്ചത് പരാജയകാരണമായെന്ന് ആരോപണമുയർന്നു. ഇ ശ്രീധരനെപ്പോലുള്ള നേതാക്കൾവരെ തോൽക്കാൻ മുരളീധരന്റെയും സുരേന്ദ്രന്റെയും ഗ്രൂപ്പുപ്രവർത്തനം കാരണമായെന്നും വിമർശമുണ്ടായി.
സി കെ പത്മനാഭൻ യോഗത്തിന് എത്തിയില്ല. സുരേന്ദ്രനെ എതിർക്കുന്ന ഒ രാജഗോപാലും പങ്കെടുത്തില്ല. സുരേന്ദ്രനെ പിന്തുണച്ചാണ് മുരളീധരനും കുമ്മനം രാജശേഖരനും സംസാരിച്ചത്.
ധർമരാജനെ ന്യായീകരിച്ച് നേതൃത്വം
സുരേന്ദ്രനെ രക്ഷിക്കാൻ ശ്രമിച്ച്
വെട്ടിലായി കുമ്മനവും മുരളീധരനും
കോവിഡ് മാനദണ്ഡങ്ങളാൽ ഹോട്ടലിൽ കോർകമ്മിറ്റി കൂടാൻ അനുവദിക്കാത്തതിൽ പ്രതിഷേധിക്കാൻ കുമ്മനം രാജശേഖരനെക്കൊണ്ട് വാർത്താസമ്മേളനം നടത്തിച്ച ബിജെപി നേതൃത്വത്തിന് കുഴൽപ്പണയിടപാടിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഉത്തരംമുട്ടി. സുരേന്ദ്രനെ പൊലീസും മാധ്യമങ്ങളും വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നുപറഞ്ഞ കുമ്മനം, സുരേന്ദ്രന്റെ മകനെക്കുറിച്ച് ചോദ്യം വന്നതോടെ കൂടുതലൊന്നും പറയില്ലെന്നുപറഞ്ഞ് ഒഴിഞ്ഞുമാറി. ധർമരാജൻ ബിജെപിക്കാരനാണെന്നും അയാളുടെ കോൾലിസ്റ്റുമാത്രം നോക്കിയാണ് അന്വേഷണം നടക്കുന്നതെന്നും കുമ്മനവും കേന്ദ്രമന്ത്രി വി മുരളീധരനും പറഞ്ഞു.
തുടരെ ചോദ്യങ്ങൾ വന്നെങ്കിലും വാർത്താസമ്മേളനത്തിൽ മുഴുവൻസമയവും പങ്കെടുത്ത സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പ്രതികരിച്ചില്ല. ദേശീയ എക്സിക്യൂട്ടീവ് അംഗം പി കെ കൃഷ്ണദാസാകട്ടെ സുരേന്ദ്രനെ ന്യായീകരിച്ചുമില്ല. കൂടുതൽ ചോദ്യങ്ങൾ ഉയർന്നതോടെ അന്വേഷണം നടക്കുന്ന കേസായതിനാൽ അതേക്കുറിച്ച് പറയില്ലെന്നും പറഞ്ഞ് കുമ്മനം ഒഴിഞ്ഞുമാറി.
തുടർന്നുസംസാരിച്ച കേന്ദ്രമന്ത്രി വി മുരളീധരനും ധർമരാജനെ ന്യായീകരിച്ചു. പരാതിക്കാരന്റെ കോൾലിസ്റ്റുനോക്കിയല്ല അന്വേഷിക്കേണ്ടത്. ഇഡി അന്വേഷണം ആവശ്യപ്പെടില്ലെന്നും അതിന് നിരവധി നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു.
എറണാകുളത്ത് ബിജെപി കോർ കമ്മിറ്റി യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും ഇടയിലേക്ക് കടന്നുവരുന്ന കേന്ദ്രമന്ത്രി വി മുരളീധരൻ. ചോദ്യങ്ങൾക്കു മറുപടി പറയിക്കാതിരിക്കാൻ കെ സുരേന്ദ്രന് വേദിയുടെ അറ്റത്താണ് ഇരിപ്പിടം നൽകിയത് .