കോഴിക്കോട്
കുഴൽപ്പണക്കേസിലെ മുഖ്യസൂത്രധാരനായ ധർമരാജൻ ബിജെപി നേതാക്കളുടെ ശതകോടികളുടെ ഇടപാടുകളിൽ ഇടനിലക്കാരൻ. അദാനി ഗ്രൂപ്പിന്റെ തുറമുഖ നിർമാണ പദ്ധതിയുടെ ഉപകരാർ ഉറപ്പിച്ചതും ധർമരാജനാണ്. അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പാറക്കല്ല് എത്തിക്കുന്നതിന് കോഴിക്കോട് ആസ്ഥാനമായുള്ള കടലാസ് കമ്പനിയുടെ പേരിൽ മൂന്ന് കോടി രൂപയ്ക്കാണ് കരാർ ഉറപ്പിച്ചത്.
കുഴൽ വെളുപ്പിക്കാനും മറ
വൻകിട കരാറുകൾ ഉറപ്പിച്ച് നൽകുന്നതിലൂടെ കോടികളുടെ കമീഷൻ പറ്റുന്നതിനൊപ്പം കുഴൽ വഴി എത്തുന്ന കള്ളപ്പണം വെളുപ്പിക്കാനും ബിജെപി നേതൃത്വം ഇത്തരം ഇടപാടുകളെ ഉപയോഗിച്ചതായാണ് വിവരം. അദാനി ഗ്രൂപ്പുമായി പാറക്കടത്തിനുള്ള ഉപകരാർ ഉറപ്പിക്കാൻ നിരന്തരം ബന്ധപ്പെട്ടത് ധർമരാജനാണ്. ഇയാൾക്ക് വേണ്ടി കർണാടക മുഖ്യമന്ത്രി യദ്യൂരപ്പയുടെ ഓഫീസിൽ നിന്നും സമ്മർദമുണ്ടായി. രണ്ട് തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചത്. ബിജെപിയുടെ കേന്ദ്ര–- സംസ്ഥാന നേതാക്കളായ രണ്ട് പ്രമുഖരും ബന്ധപ്പെട്ടു. തുടർന്നാണ് ജനുവരി 15ന് കരാർ ഉറപ്പിച്ചത്. മൂന്ന് മുതൽ ആറ് ടൺ വരെ ഭാരമുള്ള 10,000 ടൺ കല്ല് എത്തിക്കാൻ ആദ്യഘട്ടമായി വർക്ക് ഓർഡറും നൽകി. എന്നാൽ ഇതേവരെ ആയിരത്തോളം ടണ്ണേ എത്തിച്ചുള്ളൂ. ഈ ഇടപാടും കുഴൽപ്പണക്കടത്തിനുള്ള ഉപാധിയായി ധർമരാജനും സംഘവും ഉപയോഗിച്ചുവോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. കർണാടകത്തിലെ ബിജെപി നേതാക്കൾ മുഖേനയാണ് കുഴൽപ്പണം കേരളത്തിലേക്ക് എത്തിച്ചത് എന്നതാണ് ഇതിന് പ്രധാന കാരണം. കൂടാതെ കരാർ കൊടുത്ത കമ്പനിയുടെ പേരിൽ കോഴിക്കോട് ഇത്തരമൊരു സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്നും അന്വേഷണത്തിൽ അറിവായി.
കരാറിൽ ഒപ്പിട്ട കോഴിക്കോട് സ്വദേശി ഒരു ഘട്ടത്തിലും കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതും ധർമരാജൻ നേരിട്ടാണ്. ബിജെപിയുടെ ഉന്നത നേതാക്കളുടെ ബിനാമിയായാണ് ധർമരാജൻ ഇത്തരം ഇടപാടുകളെല്ലാം സംഘടിപ്പിക്കുന്നത്. നേതാക്കളുടെ കേന്ദ്ര ഭരണ സ്വാധീനം ഉപയോഗിച്ച് കരാർ സ്വന്തമാക്കി കൊടുക്കുകയാണ് രീതി. ഓരോ കരാർ ഉറപ്പിക്കലിനും പിന്നിൽ കോടികളുടെ അഴിമതിയാണ്. ലഭിക്കുന്ന പണം പോകുന്നതും ബിജെപി നേതാക്കളുടെ രഹസ്യകേന്ദ്രത്തിലേക്കാണ്.