തിരുവനന്തപുരം
സാമൂഹ്യസുരക്ഷാ മിഷൻ വഴി നടപ്പാക്കുന്ന വിവിധ ചികിത്സാ സഹായ പദ്ധതികൾക്ക് സാമൂഹ്യനീതി വകുപ്പ് 31.68 കോടി രൂപ അനുവദിച്ചു. സമാശ്വാസം, ശ്രുതിതരംഗം, താലോലം, മിഠായി, ക്യാൻസർ സുരക്ഷ, വയോമിത്ര എന്നീ പദ്ധതികൾക്കാണ് തുകയെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വയോമിത്രം പദ്ധതി വഴി 65 വയസ്സിന് മുകളിലുള്ളവരുടെ ആരോഗ്യ പരിപാലനത്തിന് നഗരങ്ങളിൽ മൊബൈൽ ക്ലിനിക്, പാലിയേറ്റീവ് കെയർ, ആംബുലൻസ്, ഹെൽപ് ഡെസ്ക് സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
പദ്ധതികളും അനുവദിച്ച തുകയും
● സമാശ്വാസം–- അഞ്ചു കോടി (വൃക്ക തകരാർ കാരണം സ്ഥിരമായി ഡയാലിസിസ് വേണ്ടിവരുന്ന ബിപിഎൽ വിഭാഗത്തിലുള്ളവർ, വൃക്ക, കരൾ മാറ്റിവയ്ക്കലിന് വിധേയരാകുന്ന ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർ, ഹീമോഫീലിയ ബാധിതർ, ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള രോഗബാധിതർ എന്നിവർക്കുള്ള സഹായം). ● ശ്രുതിതരംഗം–- എട്ട് കോടി (അഞ്ച് വയസ്സ് വരെയുള്ള മൂകരും ബധിരരുമായ കുട്ടികൾക്ക് സംസാര, കേൾവിശക്തി ലഭ്യമാക്കാനുള്ള പദ്ധതി).
● താലോലം–- രണ്ടു കോടി (18 വയസ്സ് വരെയുള്ള മാരക രോഗബാധിതരായ കുട്ടികൾക്ക് സൗജന്യചികിത്സ നൽകുന്ന പദ്ധതി).
● മിഠായി–- 3.80 കോടി (ടൈപ് വൺ പ്രമേഹബാധിതരായ കുട്ടികൾക്കുള്ള പദ്ധതി).
● ക്യാൻസർ സുരക്ഷാ പദ്ധതി–-മൂന്നു കോടി (18 വയസ്സ് വരെയുള്ള ബിപിഎൽ കുടുംബാംഗമായ കുട്ടികൾക്ക് സൗജന്യ ക്യാൻസർ ചികിത്സ നൽകുന്ന പദ്ധതി).
● വയോമിത്ര –- 9.88 കോടി (വയോജനങ്ങളുടെ ആരോഗ്യ, മാനസിക പരിരക്ഷ ഉറപ്പാക്കാനുള്ള പദ്ധതി).