തിരുവനന്തപുരം
സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിയാക്കാൻ കള്ളത്തെളിവുണ്ടാക്കിയെന്ന കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായ ജുഡീഷ്യൽ കമീഷൻ പ്രവർത്തനം ഉടൻ ആരംഭിക്കും. ആദ്യപടിയായി കമീഷൻ റിട്ട. ജസ്റ്റിസ് വി കെ മോഹനൻ ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കും. ഇതിന് അടുത്തദിവസം നോട്ടീസ് പുറപ്പെടുവിക്കും. കമീഷന് ഓഫീസും മറ്റു സൗകര്യങ്ങളും അടുത്ത ദിവസംതന്നെ ലഭിക്കും. ആവശ്യത്തിനു ജീവനക്കാരെയും അനുവദിക്കും. അതോടെ സിറ്റിങ് അടക്കമുള്ളവയിലേക്ക് കമീഷൻ കടക്കും. ചുമതലയേറ്റതായി റിട്ട. ജസ്റ്റിസ് വി കെ മോഹനൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സ്വർണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ജുഡീഷ്യൽ കമീഷനെ നിയോഗിച്ചത്. മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ എന്നിവർക്ക് സ്വർണക്കടത്തിൽ പങ്കുള്ളതായി പറയാൻ സമ്മർദമുള്ളതായി ഇവർ പറഞ്ഞിരുന്നു. സ്വപ്നയുടെ ശബ്ദരേഖയാണ് പുറത്തുവന്നത്. സന്ദീപ് ജയിലിൽനിന്ന് മജിസ്ട്രേട്ടിന് അയച്ച കത്തിലും ഇക്കാര്യം പറഞ്ഞു.
ജുഡീഷ്യൽ കമീഷന്റെ പ്രാഥമിക നടപടിയാണ് പൊതുജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുക. അഭിഭാഷകരുടെ സഹായത്തോടെയും അഭിപ്രായങ്ങൾ ശ്രദ്ധയിൽപ്പെടുത്താം. തുടർന്നാകും കേന്ദ്ര ഏജൻസികളുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യംചെയ്യലുൾപ്പെടെ ഉണ്ടാകുക. കോവിഡ് പശ്ചാത്തലത്തിൽ ഇതെങ്ങനെ വേണമെന്ന് കമീഷൻ അടുത്തദിവസം തീരുമാനിക്കും.