കൊച്ചി
രവി പൂജാരിയുടെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെ കൂടുതൽസമയം നീട്ടി ചോദിക്കേണ്ടതില്ലെന്ന് അന്വേഷണസംഘം തീരുമാനിച്ചു. ചൊവ്വാഴ്ച ഓൺലൈൻവഴി പൂജാരിയെ കോടതിയിൽ ഹാജരാക്കും. തുടർന്ന് സുരക്ഷാഭീഷണിയുള്ളതിനാൽ ഇയാളെ ബംഗളൂരുവിലെ ജയിലിലേക്ക് മാറ്റാനാണ് സാധ്യത. കഴിഞ്ഞ ബുധനാഴ്ചയാണ് പൂജാരിയെ ക്രൈംബ്രാഞ്ചിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് കൊച്ചിയിലെത്തിച്ചത്. ബ്യൂട്ടിപാർലർ വെടിവയ്പ് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിൽ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനുപുറമേ കാസർകോടുള്ള വ്യവസായിയുടെ മരണത്തിൽ പങ്കുള്ളതായും പൂജാരി അന്വേഷണസംഘത്തിനോട് സമ്മതിച്ചു.
പൂജാരി നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ വെടിവയ്പ് കേസുമായി ബന്ധപ്പെട്ട് ചിലരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. അറസ്റ്റ് ഭയന്ന് പലരും വിദേശത്തേക്ക് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂട്ടുപ്രതികളെ മുഴുവൻ പിടികൂടിയശേഷം പൂജാരിയെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ നടി ലീന മരിയ പോളിന് നോട്ടീസ് നൽകിയിരുന്നു. ഓൺലൈൻവഴി മൊഴി നൽകാമെന്നാണ് നടി അറിയിച്ചത്.
ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ തന്ത്രങ്ങൾ ഒരുക്കിയതും ചുക്കാൻപിടിച്ചതും കാസർകോട് സ്വദേശി മോനായി ആണെന്ന് അന്വേഷണസംഘത്തിന് ബോധ്യമായി. കള്ളപ്പണം സൂക്ഷിക്കുന്നവരുടെ സൗഹൃദവലയത്തിൽ കയറിപ്പറ്റി വിവരങ്ങൾ ശേഖരിച്ച് അത് രവി പൂജാരിക്ക് കൈമാറുന്നതാണ് മോനായിയുടെ ജോലി. പിന്നീട് ഇവരുമായി ഇന്റർനെറ്റ് കോൾവഴി പൂജാരി ബന്ധപ്പെടുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുകയാണ് പതിവ്. എന്നാൽ, നടി ലീന മരിയ പോൾ പണം നൽകാൻ വിസമ്മതിച്ചതോടെ ബ്യൂട്ടിപാർലറിനുനേരെ വെടിയുതിർക്കുകയായിരുന്നു.