തൃശൂർ
കുതിരാൻ തുരങ്ക നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ എട്ടിന് പ്രത്യേക യോഗം ചേരും. കുതിരാൻ സന്ദർശിച്ച് തുരങ്ക നിർമാണ പുരോഗതി വിലയിരുത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അടിയന്തര പ്രാധാന്യത്തോടെയാണ് വിഷയത്തെ കാണുന്നത്. നിർമാണത്തിലെ പോരായ്മകൾ മനസ്സിലാക്കിയിട്ടുണ്ട്. നിർമാണക്കമ്പനി അധികൃതരും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് ഒരു തുരങ്കമെങ്കിലും ഉടൻ തുറക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സഞ്ചാരപാത ഒരു മീറ്റർ കൂടി വീതികൂട്ടി പണികൾ പൂർത്തീകരണത്തിലാണെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ആ വഴിക്കുള്ള സഞ്ചാരം കുറച്ചുകൂടി സുഗമമാകും. മഴക്കാലത്ത് അത് സഹായകമാവും. ഓക്സിജൻ വാഹനങ്ങളും മറ്റു എമർജൻസി വാഹനങ്ങളും തുരങ്കം വഴി കടത്തിവിടുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി പ്രൊഫ.ആർ ബിന്ദു, പി പി സുമോദ് എംഎൽഎ, കലക്ടർ എസ് ഷാനവാസ്, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കെ വി സജു, ജനപ്രതിനിധികൾ, എന്നിവരും സ്ഥലത്തെത്തിയിരുന്നു. ദേശീയപാത അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും അനാസ്ഥമൂലം കുതിരാൻ തുരങ്കനിർമാണം അവതാളത്തിലാണ്. റോഡുകളുടെ സ്ഥിതിയും ശോച്യാവസ്ഥയിലാണ്. ഒരു തുരങ്കം തുറക്കുമെന്ന് പലപ്പോഴും വാഗ്ദാനം ചെയ്തിട്ടും യാഥാർഥ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്ഥിതിഗതി വിലയിരുത്താൻ മന്ത്രിമാർ സ്ഥലത്ത് നേരിട്ടെത്തിയത്.