കണ്ണൂർ
നിയമസഭാ തെരഞ്ഞെടുപ്പിനായി മംഗളൂരുവഴി കണ്ണൂർ ജില്ലയിലെത്തിയ അരക്കോടി രൂപ കാണാതായതിനെച്ചൊല്ലിയുള്ള തർക്കം ഒതുക്കാൻ നേതൃതലത്തിൽ ധാരണ. കൊടകര കുഴൽപ്പണത്തിനൊപ്പം കണ്ണൂരിലെ അരക്കോടിയുടെ അന്വേഷണവും വന്നാൽ നില കൂടുതൽ പരുങ്ങലിലാകുമെന്നുകണ്ടാണ് സമവായം. അതീവ രഹസ്യമാക്കിവച്ച വിവരം പുറത്തുവന്നത് ജില്ലാ നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്.
നേതൃതല അന്വേഷണമാകാമെന്ന് ആദ്യഘട്ടത്തിൽ ധാരണയുണ്ടായെങ്കിലും അതും തൽക്കാലമില്ല. സംസ്ഥാന ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ മെഡിക്കൽ കോളേജ് കോഴ വിവരം പുറത്തുവന്നത് അന്വേഷണ കമീഷൻമുഖേനയാണെന്നതുകൂടി കണക്കിലെടുത്താണിത്. പരസ്പരം കുറ്റപ്പെടുത്താതെ ഈ ഘട്ടത്തിൽ ഒന്നിച്ച് നിൽക്കണമെന്ന ധാരണയാണ് നേതാക്കളുണ്ടാക്കിയത്.
കൊടകര കുഴൽപ്പണകേസും വിവാദവും അവസാനിച്ചശേഷം തുടർനടപടി ആലോചിക്കും. വിവരങ്ങൾ ചോരുന്നതിൽ ആർഎസ്എസ്സിൽ അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യംചെയ്തതും പ്രവർത്തനം ഏകോപിപ്പിച്ചതും ആർഎസ്എസ് നിയോഗിച്ച സംയോജകരാണ്. ഇവരറിയാതെ സ്ഥാനാർഥിയുടെ അടുപ്പക്കാരനായ ഡ്രൈവർ അരക്കോടി രൂപ കൈകാര്യംചെയ്തത് ആർഎസ്എസ് ഗൗരവമായായെടുത്തിട്ടുണ്ട്.