ദോഹ
ഇന്ത്യ ഇന്ന് അയൽക്കാരോട്. ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശാണ് എതിരാളി. കഴിഞ്ഞ കളിയിൽ ശക്തരായ ഖത്തറിനോട് പൊരുതി തോറ്റാണ് ഇന്ത്യ എത്തുന്നത്. ലോകകപ്പ് സാധ്യതകൾ അസ്തമിച്ച ഇന്ത്യക്ക് 2023 ഏഷ്യൻ കപ്പ് യോഗ്യതയിലാണ് നോട്ടം.ദോഹയിലെ ജാസിം ബിൻ ഹമാദ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കളി.
ഖത്തറിനോട് കളിയുടെ മഹാസമയവും പത്തു പേരുമായാണ് ഇന്ത്യ കളിച്ചത്. എന്നിട്ടും പ്രതിരോധം അച്ചടക്കത്തോടെ നിന്നു. മികച്ച ആക്രമണനിരയുള്ള ഖത്തർ മുന്നേറ്റത്തിനെ ഇന്ത്യ തടുത്തു. ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ രക്ഷപെടുത്തലുകളും നിർണായകമായി. ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനോട് ഒറ്റ ഗോളിനായിരുന്നു തോൽവി.
ബംഗ്ലാദേശിനെതിരെ ഇന്ത്യക്കാണ് മുൻതൂക്കം. റാങ്കിങ്ങിൽ ഇന്ത്യ 105. ബംഗ്ലാദേശ് 184. യോഗ്യതാ റൗണ്ടിൽ കളിച്ച ആറിൽ നാലിലും അവർ തോറ്റു. രണ്ട് സമനിലയും. രണ്ട് പോയിൻ്റുമായി ഏറ്റവും അവസാനത്താണ്. ഇന്ത്യ മൂന്നു വീതം സമനിലയും തോൽവിയും ഉൾപ്പെടെ മൂന്ന് പോയിന്റുമായി നാലാമത്. ഖത്തറാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.