കോഴിക്കോട്
സിനിമാതാരങ്ങളെ അനുകരിച്ച് കാലിലും കൈയിലും വയറിലുമെല്ലാം പച്ച (ടാറ്റൂ)കുത്തുകയാണ് പുതുതലമുറയുടെ ഹരം. എന്നാൽ വഴിയോരത്തും പൊതുസ്ഥലത്തുനിന്നുമെല്ലാം പച്ചകുത്തും മുമ്പ് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം വിലയ്ക്കെടുക്കലാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. പച്ചകുത്താൻ ലൈസൻസ് വേണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും വ്യക്തമാക്കി ആരോഗ്യ –-കുടുംബക്ഷേമ വകുപ്പ് ഉത്തരവുമിറക്കി. ഒരേ സൂചിയും മഷിയുമായി പച്ചകുത്തുന്നതിനാൽ ഹെപ്പറ്റെറ്റിസും എച്ച് ഐ വിയും പോലുള്ള രോഗങ്ങൾ വ്യാപിക്കുന്നത് തടയാനാണ് ആരോഗ്യ–-കുടുംബക്ഷേമവകുപ്പിന്റെ ഇടപെടൽ.
പൊതുജനാരോഗ്യപ്രസ്ഥാനമായ കാപ്സ്യൂൾ കേരളയുടെ പ്രവർത്തകൻ മജീഷ്യൻ ഷിജു മനോഹർ കുണ്ടറ നൽകിയ പരാതിയിലാണ് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്.
തിരുവിതാംകൂർ–-കൊച്ചി പൊതുജനാരോഗ്യനിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പച്ചകുത്തൽ നിരോധിച്ച് ഉത്തരവിറക്കിയത്. ചായങ്ങൾ ചിലരിൽ അലർജി, നീർക്കെട്ട്, ക്ഷയരോഗം, കാൻസർ തുടങ്ങിയവ ഉണ്ടാക്കിയേക്കാമെന്ന റിപ്പോർട്ട് കൂടി പരിഗണിച്ചാണ് നടപടി. ലൈസൻസുള്ള ഏജൻസിക്ക് മാത്രമാകും ഇനി പച്ചകുത്താൻ അനുമതി. പച്ച കുത്തുന്നയാൾ ഗ്ലൗസ് ധരിക്കണം. പച്ച കുത്തലിന് വിധേയരാകുന്നവർ ഹെപ്പറ്റെറ്റിസ് ബി വാക്സിനും എടുക്കണം. ഉപകരണങ്ങൾ ഓരോ തവണയും അണുമുക്തമാക്കുക, പച്ച കുത്തിയ ഭാഗം സോപ്പുപയോഗിച്ച് വൃത്തിയാക്കുക തുടങ്ങി 12 ഇന നിർദേശങ്ങൾ ഉത്തരവിലുണ്ട്.