കണ്ണൂർ
കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതി കരാറെടുത്ത കമ്പനി നിർമാണച്ചുമതല മറിച്ചുനൽകിയതിലും ദുരൂഹത. പ്രവർത്തനമികവിന്റെപേരിൽ കരാർ നേടിയ കമ്പനിയാണ് ടെൻഡർ നടപടിയിൽപോലും പങ്കാളിയാകാത്ത മറ്റൊരു കമ്പനിയെ നിർമാണച്ചുമതല ഏൽപ്പിച്ചത്. പദ്ധതി തയ്യാറാക്കിയതുമുതൽ എല്ലാ നടപടിയിലും ഇടപെട്ട എ പി അബ്ദുള്ളക്കുട്ടിക്ക് ഈ ഇടപാടിലുള്ള ബന്ധത്തെക്കുറിച്ചും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. പദ്ധതിയുടെ ടെൻഡർ നടപടിയിലടക്കം ബന്ധപ്പെട്ട എല്ലാ കമ്പനികളെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്.
നിർമാണച്ചുമതലയുണ്ടായിരുന്ന കിറ്റ്കോ ബംഗളുരുവിലെ കൃപ ടെൽകോം എന്ന കമ്പനിക്കാണ് ഉപകരാർ നൽകിയത്. ടെൻഡറിൽ ഉയർന്ന തുക കാണിച്ച ഇവർക്കായിരുന്നു കരാർ. കുറഞ്ഞ തുക കാണിച്ച കമ്പനിയെ തഴയുന്നതിനുള്ള ന്യായീകരണം കൃപയുടെ ‘പ്രവർത്തനമികവും ഉപകരണങ്ങളുടെ ഗുണമേന്മയും’ ആയിരുന്നു. ഇങ്ങനെ കൃപയ്ക്ക് കരാർ നൽകാൻ കിറ്റ്കോയിലും അധികൃതരിലും സ്വാധീനം ചെലുത്തിയവരെക്കുറിച്ചും വിജിലൻസിന് സൂചന ലഭിച്ചിട്ടുണ്ട്.
കരാർ കിട്ടിയയുടൻ കൃപ ടെൽകോം ബംഗളുരുവിലെ സിംപോളിൻ എന്ന കമ്പനിക്ക് നിർമാണച്ചുമതല മറിച്ചുനൽകി. ഇവരുടെ പ്രവർത്തന മികവോ ഉപകരണങ്ങളുടെ ഗുണമേന്മയോ പരിശോധിച്ചില്ല. തിരക്കുപിടിച്ച് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തുകയായിരുന്നു. അനാവശ്യ തിടുക്കം എംഎൽഎയായിരുന്ന അബ്ദുള്ളക്കുട്ടിയുൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നതായി വിജിലൻസിന് ബോധ്യമായിട്ടുണ്ട്. ആവശ്യമില്ലാത്ത യോഗങ്ങളിൽപോലും അബ്ദുള്ളക്കുട്ടി പങ്കെടുത്തതിന്റെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. നിർമാണത്തിന്റെ നടപടിക്രമങ്ങളിലും അബ്ദുള്ളക്കുട്ടി അനാവശ്യമായി ഇടപെട്ടതായും രേഖകളിൽനിന്ന് വ്യക്തമായി.
ടെൻഡർ നടപടികളിൽ ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന മൂന്ന് കമ്പനികളായ കൃപ, അവായ, വിറോൺ എന്നിവയാണുണ്ടായിരുന്നത്. വീറോണിനെ ടെൻഡറിൽ പാലിക്കേണ്ട നടപടികൾ പാലിക്കാത്തതിനാൽ ഒഴിവാക്കി. കുറഞ്ഞ നിരക്ക് കാണിച്ചിട്ടും അവായ ഒഴിവാക്കപ്പെട്ടു. സർക്കാരിന് അധികബാധ്യതയാകുമെന്നുറപ്പായിട്ടും ‘ഇടപെടലിൽ’ കൂടിയ നിരക്ക് കാണിച്ച കൃപയ്ക്ക് കരാർ നൽകി. ഈ കരാറാണ് പിന്നീട് അതുവരെ രംഗത്തില്ലാത്ത കമ്പനിക്ക് മറിച്ചു നൽകിയത്.
കരാർ നൽകിയതുമുതൽ ക്രമക്കേട് തുടങ്ങിയതായി കണ്ടെത്തിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ അഴിമതിയിൽ കേസെടുത്ത് അന്വേഷണം നടത്താനാണ് വിജിലൻസ് തീരുമാനം. ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് അഴിമതി അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിലെത്തി വിജിലൻസ് സംഘം മൊഴിയെടുത്തിരുന്നു. ബംഗളൂരുവിലെ നാല് കമ്പനികളിലും പരിശോധന നടത്തും.