ന്യൂഡൽഹി
ഹരിയാനയിൽ കർഷകസമരം വീണ്ടും ശക്തമായി. അറസ്റ്റ് ചെയ്ത കർഷകനേതാക്കളെ വിട്ടയക്കണമെന്നും കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കർഷകർ ഹത്തേഹാബാദിലെ തൊഹാന പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പൊലീസ് സ്റ്റേഷന് പുറത്ത് പന്തലുകൾ കെട്ടി നൂറുകണക്കിന് കർഷകർ സമരം തുടരുന്നു. സംയുക്ത കിസാൻ മോർച്ച നേതാക്കളായ രവി ആസാദ്, വികാസ് സിസർ എന്നിവരെ നിരുപാധികം വിട്ടയക്കുന്നതുവരെ സമരം തുടരുമെന്ന് കർഷകർ വ്യക്തമാക്കി.
തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഉപരോധിക്കും. വരുംദിവസങ്ങളിൽ തൊഹാന സ്റ്റേഷന് പുറത്തുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. സിർസാ, ഫത്തേഹാബാദ്, ജിണ്ട്, ഹിസാർ എന്നിവിടങ്ങളിലെ കർഷകർ തൊഹാന സ്റ്റേഷനിലേക്ക് എത്തണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു. മറ്റ് ജില്ലകളിലെ കർഷകർ അവരുടെ മേഖലകളിലെ പൊലീസ് സ്റ്റേഷനുകൾ ഉപരോധിച്ച് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കും. മധ്യപ്രദേശിലെ മന്ദ്സോറിൽ 2017ൽ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട ആറ് കർഷകരുടെ ഓർമകൾക്ക് സ്മരണാഞ്ജലി അർപ്പിച്ച് കർഷകർ ഞായറാഴ്ച ‘സങ്കൽപ്പ് ദിവസ്’ ആചരിച്ചു.
അതേസമയം, കർഷകർക്ക് എതിരെ മോശം പരാമർശങ്ങൾ നടത്തിയ തൊഹാനയിലെ ജെജെപി എംഎൽഎ ദേവീന്ദർ ബബ്ലി ഖേദം പ്രകടിപ്പിച്ചു. തൊഹാന റെസ്റ്റ്ഹൗസിൽ കർഷകനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ദേവീന്ദർ ബബ്ലി തന്റെ പെരുമാറ്റം അത്ര നന്നായിരുന്നില്ലെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നതായും പറഞ്ഞു. ജൂൺ ഒന്നിന് ദേവേന്ദർ ബബ്ലിയും കർഷകരുമായി വാക്കുതർക്കം നടന്നിരുന്നു. ഇതിന് പിന്നാലെ എംഎൽഎയുടെ പരാതിയിൽ കർഷകർക്ക് എതിരെ രണ്ട് കേസെടുത്തു. അടുത്തദിവസം കർഷകർ എംഎൽഎയുടെ വീട് ഉപരോധിച്ചതിനെ തുടർന്ന് മൂന്ന് കർഷകനേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ നേതാക്കളെ മോചിപ്പിക്കണമെന്നും കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് കർഷകർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുന്നത്.