കണ്ണൂർ
സി കെ ജാനുവുമായി ചർച്ചയ്ക്കോ പണമിടപാടിനോ ഇടനിലക്കാരുടെ ആവശ്യമില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വാദവും പൊളിഞ്ഞു. ജാനുവുമായി സംസാരിക്കാൻ അവസരമൊരുക്കിയ പ്രസീതയ്ക്ക് സുരേന്ദ്രൻ വാട്സ്ആപ്പിൽ നന്ദി അറിയിച്ചതിന്റെ സ്ക്രീൻ ഷോട്ട് പുറത്ത്.
ജനാധിപത്യ രാഷ്ട്രീയ പാർടി (ജെആർപി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇത് പുറത്തുവിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ജാനുവിനെ എൻഡിഎയിലെത്തിക്കാൻ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയെന്ന് പ്രസീത വെളിപ്പെടുത്തിയപ്പോഴായിരുന്നു സുരേന്ദ്രന്റെ നിഷേധിച്ചുള്ള പ്രസ്താവന. ജാനുവിനെ എൻഡിഎയിലെത്തിച്ചതിനും സുൽത്താൻ ബത്തേരിയിൽ സ്ഥാനാർഥിയാക്കുന്നതിനും ഇടനിലക്കാരിയായി പ്രവർത്തിച്ചത് പ്രസീതയാണ്. പോസ്റ്റിന്റെ ചുരുക്കം: യുഡിഎഫിൽ സീറ്റ് തരപ്പെടുത്താൻ ജാനു ശ്രമം നടത്തുന്നതിനിടയിലാണ് കെ സുരേന്ദ്രനടക്കം ബിജെപി നേതാക്കൾ അവരെ നേരിട്ടുവിളിക്കാൻ ശ്രമിച്ചത്.
ബിജെപിക്കാരുടെ ഫോൺകോൾ എടുക്കാൻ ജാനു തയ്യാറായില്ല. ബത്തേരിയിൽ മത്സരിക്കണമെന്ന ബിജെപിയുടെ ആവശ്യം പ്രസീത ജാനുവിനെ അറിയിച്ചു. യുഡിഎഫ് സീറ്റ് മോഹിച്ചിരുന്ന ജാനു, തീരുമാനമെടുക്കാൻ സമയംവേണമെന്നാണ് പ്രതികരിച്ചത്. ബിജെപി നേതാക്കളുടെ കോളെടുക്കണമെന്ന് പ്രസീത ആവശ്യപ്പെട്ടത് ജാനു സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സുരേന്ദ്രൻ വിളിച്ചു. പ്രതികരണം ആശാവഹമല്ലാത്തതിനാൽ വീണ്ടും കെ സുരേന്ദ്രൻ പ്രസീതയെ വിളിച്ചു.‘‘അവർ മുന്നണിയിലേക്ക് വരേണ്ട, മത്സരിക്കുകയുംവേണ്ട, ഞാൻ ഇത്രയും വിളിച്ചിട്ടും ഫോൺ അറ്റൻഡുചെയ്യാത്തത് വിഷമമുണ്ടാക്കുന്നു’’ എന്ന് പറഞ്ഞു. അതിനുള്ള സൗകര്യമുണ്ടാക്കാം എന്നുറപ്പ് നൽകി.
സാമുദായിക സംഘടനയോട് അനുഭാവം പ്രകടിപ്പിച്ചിരുന്നയാളെ ജാനുവിന്റെ കാട്ടിക്കുളത്തെ വീട്ടിലേക്കയച്ചു.
അയാളുടെ മൊബൈൽ നമ്പർ സുരേന്ദ്രന് കൈമാറുകയും ആ ഫോണിലേക്കുവിളിച്ച് സുരേന്ദ്രൻ ജാനുവുമായി സംസാരിക്കുകയുംചെയ്തു. ജാനുവുമായി സംസാരിക്കാൻ സൗകര്യമൊരുക്കിയതിന് നന്ദി പറഞ്ഞ് ഫെബ്രുവരി 24നാണ് സുരേന്ദ്രൻ വാട്സ്ആപ് സന്ദേശം അയച്ചത്.















