തിരുവനന്തപുരം
പ്രളയത്തിൽ തകർന്ന ഗ്രാമറോഡുകൾക്ക് പകരം പുനർനിർമിക്കുന്നത് ദേശീയപാതയെ വെല്ലുന്ന ഡിസൈൻ റോഡുകൾ. ഇതിനായി ഏത് കാലാവസ്ഥയെയും അതിജീവിക്കുന്ന പ്രകൃതിസൗഹൃദ റോഡുകളുടെ നിർമാണം സംസ്ഥാനത്ത് ആരംഭിച്ചു. റീബിൽഡ് കേരള ഇനിഷ്യറ്റീവിന്റെ (ആർകെഐ) ഭാഗമായി തദ്ദേശഭരണ വകുപ്പ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റാണ് റോഡ് നിർമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസനപദ്ധതിക്ക് പുറമെയാണ് ഇത്.
പ്രളയം ബാധിച്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ പാലക്കാട്, വയനാട് ജില്ലകളിലെ 618 കിലോമീറ്റർ റോഡാണ് ആദ്യഘട്ടം നിർമിക്കുന്നത്. 488 കോടിരൂപ അനുവദിച്ചു. 401.76 കോടിരൂപയുടെ പ്രവൃത്തികൾ ടെൻഡർ ചെയ്തു. ചില റോഡ് പൂർത്തിയായിട്ടുണ്ട്. 30.61 കോടിരൂപയുടെ 14 പദ്ധതിയുടെ സാങ്കേതിക അനുമതിക്കായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. രണ്ടാംഘട്ടം 346 കിലോമീറ്റർ റോഡിന്റെ പദ്ധതിയാകും തയ്യാറാക്കുക. റോഡിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ വിദഗ്ധരടങ്ങിയ എൻജിനിയർമാരുടെ മൂന്ന് സമിതിയുണ്ട്. സംസ്ഥാനത്തെ വിവിധ എൻജിനിയറിങ് കോളേജ്, വിദഗ്ധസമിതി, തദ്ദേശഭരണ വകുപ്പിനു കീഴിലെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് എന്നിവയാണ് മേൽനോട്ടസമിതി. റോഡിന്റെ അഞ്ചു വർഷത്തെ പരിപാലനം അതത് കരാറുകാരനാണെന്ന് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന് നേതൃത്വം നൽകുന്ന വിഷ്ണുകുമാർ പറഞ്ഞു.