ചണ്ഡീഗഢ്
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില് ഹരിയാനയില് ലോക്ഡൗണ് ഒരാഴ്ചകൂടി നീട്ടി. കൂടുതല് ഇളവുകളോടെ ജൂൺ 14വരെയാണ് സംസ്ഥാനത്ത് ലോക്ഡൗണ് നീട്ടിയത്. കടകളും ഷോപ്പിങ് മാളുകളും തുറക്കുന്നതിന് ഇളവുണ്ട്. 21 പേരെ പ്രവേശിപ്പിച്ചുകൊണ്ട് ആരാധനാലയങ്ങള് തുറക്കാം.
സിക്കിം
സിക്കിമിൽ കോവിഡ് ലോക്ഡൗണ് 14 വരെ നീട്ടി. നേരത്തെ പ്രഖ്യാപിച്ച ലോക് ഡൗണ് തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് നടപടി. പലവ്യഞ്ജനങ്ങളും പച്ചക്കറികളും വിൽക്കുന്ന കടകളുടെ പ്രവര്ത്തനസമയം രണ്ടു മണിക്കൂര്കൂടി നീട്ടി രാവിലെ ഏഴുമുതല് ഉച്ചയ്ക്ക് രണ്ടുവരെയാക്കി. 18നും 44നും ഇടയില് പ്രായമുള്ള 65,000 പേര്ക്ക് ഈമാസം വാക്സിൻ നല്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില് ചേര്ന്ന ഉന്നതതലയോഗം തീരുമാനിച്ചു.
ഉത്തർപ്രദേശ്
ഉത്തർപ്രദേശിൽ മൂന്നിടത്തൊഴികെ എല്ലാ ജില്ലകളിലും കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുണ്ടായിരുന്ന കർഫ്യൂ പിൻവലിച്ചു. അറുന്നൂറിനുമേൽ രോഗികളുള്ള മീററ്റ് (1248), സഹാറൻപുർ(1171), ഗോഖ്പുർ(783) ജില്ലകളിൽ കർഫ്യൂ തുടരും. മറ്റ് ജില്ലകളിൽ കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള കടകളും ചന്തകളും ആഴ്ചയിൽ അഞ്ചുദിവസം തുറക്കും. ആകെയുള്ള 75 ജില്ലയിലും തുടർന്നും രണ്ട് ദിവസം കർഫ്യൂ നടപ്പാക്കും. ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ ഒന്നും പാലിക്കുന്നില്ലെന്ന് വിവിധ ജില്ലകളിൽനിന്ന് റിപ്പോർട്ടുകളുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.