ന്യൂഡൽഹി
രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനത്തിന്റെ തീവ്രത കുറഞ്ഞുതുടങ്ങിയതോടെ ചികിത്സയിലുള്ളവർ 15 ലക്ഷത്തിൽ താഴെയായി. 14.78 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 77,449ന്റെ കുറവുണ്ടായി.
പ്രതിദിന കോവിഡ് ബാധിതർ രണ്ടു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. 24 മണിക്കൂറിൽ 1,14,460 രോഗികള്‍. 43 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യം, 2677. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 6.54 ശതമാനം. പ്രതിദിന രോഗസ്ഥിരീകരണം 5.42 ശതമാനമായി കുറഞ്ഞു. 24 മണിക്കൂറിൽ 1.89 ലക്ഷം പേർ രോഗമുക്തരായി. ആകെ രോഗബാധിതർ 2.89 കോടിയും മരണം 3.47 ലക്ഷത്തിലധികവും. കൂടുതൽ പ്രതിദിന മരണം മഹാരാഷ്ട്രയിലാണ്–- 741. തമിഴ്നാട്–- 443, കർണാടക–- 365, യുപി–- 120, ബംഗാൾ–- 118 മരണം.
മഹാരാഷ്ട്രയിൽ ലക്ഷം കടന്ന് കോവിഡ് മരണം
മഹാരാഷ്ട്രയിൽ കോവിഡ് മരണം ഒരു ലക്ഷം കടന്നു. ഞായറാഴ്ച 618 പേർ കൂടി മരിച്ചതോടെ ആകെ മരണം 1,00,130. ഇന്ത്യയടക്കം ലോകത്താകെ ഒമ്പത് രാജ്യങ്ങളിൽ മാത്രമാണ് കോവിഡ് മരണം ലക്ഷം കടന്നിട്ടുള്ളത്. 1.09 ലക്ഷം മരണം നടന്ന ഫ്രാൻസിന് തൊട്ടുപിന്നിലാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയിൽ ആകെ കോവിഡ് ബാധിതർ 58.32 ലക്ഷമാണ്. എന്നാൽ, സമീപദിവസങ്ങളിൽ സംസ്ഥാനത്ത് പ്രതിദിന രോഗികൾ കുറഞ്ഞിട്ടുണ്ട്. ഞായറാഴ്ച രോഗികൾ 12557. മഹാരാഷ്ട്ര കഴിഞ്ഞാൽ കൂടുതൽ മരണം കർണാടകയിലാണ്–- 31,580. തമിഴ്നാട്ടിൽ 27,005 ഉം ഡൽഹിയിൽ 24,591 ഉം ആണ് മരണം.