മനാമ
കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച പ്രവാസി ഇന്ത്യക്കാരുടെ ആശങ്കയ്ക്ക് അറുതി. ഇന്ത്യയിലെ കോവിഷീൽഡ് വാക്സിൻ സൗദി അംഗീകരിച്ച ഒക്സ്ഫഡ് അസ്ട്രസെനെക്ക വാക്സിനു തുല്യമാണെന്ന് സൗദി അധികൃതർ അറിയിച്ചതായി ഇന്ത്യൻ എംബസി ട്വിറ്ററിൽ വ്യക്തമാക്കി.
ഇന്ത്യയിൽ കോവിഷീൽഡ് എന്ന പ്രാദേശിക നാമത്തിൽ ഉൽപ്പാദിപ്പിക്കുന്ന വൈറൽ വെക്ടർ വാക്സിനാണ് അസ്ട്രസെനെക്ക. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് അസ്ട്രസെനെക്ക വാക്സിൻ ഇന്ത്യയിൽ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്നത്. ഇന്ത്യയിൽ ആദ്യഘട്ടത്തിൽ കുത്തിവയ്പ്പിന് പൂർണമായും ഉപയോഗിച്ചത് കോവിഷീൽഡ് ആയിരുന്നു. പിന്നീട് കോവാക്സിനും എത്തി. നാട്ടിലുള്ള പ്രവാസികൾ അധികവും സ്വീകരിച്ചത് കോവിഷീൽഡാണ്.
എന്നാൽ, കോവിഷീൽഡ് സൗദിയിൽ അംഗീകാരമുള്ള നാലു വാക്സിനുകളിൽ ഉൾപ്പെട്ടിരുന്നില്ല. സൗദിയിൽ അസ്ട്രസെനെക്കയ്ക്ക് അംഗീകാരമുണ്ട്. ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് അംഗീകാരമുള്ള മറ്റ് വാക്സിനുകൾ. കരമാർഗം സൗദിയിൽ പ്രവേശിക്കാൻ ഈ വാക്സിനുകളിൽ ഏതെങ്കിലും രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം. കോവാക്സിൻ അംഗീകാരം സംബന്ധിച്ചും സൗദി സർക്കാരുമായി ചർച്ച നടത്തുന്നതായി എംബസി വ്യക്തമാക്കി.