ലണ്ടന്
ജി 7 ധനമന്ത്രിമാരുടെ യോഗം വൻകിട കോർപറേറ്റുകൾക്ക് ഏർപ്പെടുത്തിയ 15 ശതമാനം നികുതി തികച്ചും അപര്യാപ്തമെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടന ഓക്സ്ഫാം. കോർപറേറ്റുകൾക്ക് നിശ്ചയിച്ച മിനിമം നികുതി വളരെ കുറഞ്ഞുപോയെന്നും, ഇതുകൊണ്ട് കാര്യമായ മാറ്റം ഇപ്പോഴുള്ള സാഹചര്യത്തില് വരില്ലെന്നും ഓക്സ്ഫാം എക്സിക്യൂട്ടീവ് ഡയറക്ടർ ഗബ്രിയേല ബുച്ചർ പറഞ്ഞു. ജി 7 രാഷ്ട്രങ്ങൾക്ക് ഗുണം ചെയ്യുമെങ്കിലും സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വൻകിട കോർപറേറ്റുകൾക്ക് പുതിയ നിരക്ക് നിഷ്പ്രയാസം മറികടക്കാനാകും. പുതിയ തീരുമാനം ‘നിയമപരമായ’ നികുതി വെട്ടിപ്പ് തടയാൻ പര്യാപ്തമല്ല.
ആഗോള കോർപറേറ്റുകൾ പ്രവർത്തിക്കുന്ന രാജ്യത്ത് 15 ശതമാനം നികുതിയടയ്ക്കണമെന്ന് ജി 7 ധനമന്ത്രിമാരുടെ യോഗം ശനിയാഴ്ച തീരുമാനിച്ചിരുന്നു. മിക്ക കോർപറേറ്റുകളും ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചത്. തീരുമാനം അടുത്ത മാസം നടക്കുന്ന ജി 20 യോഗത്തിൽ പരിഗണിക്കും. നികുതി ഇളവ് നൽകുന്ന രാജ്യങ്ങളിൽ ശാഖ തുടങ്ങിയ ലാഭം അവിടെനിന്ന് ലഭിച്ചതായി കാണിച്ചാണ് മിക്ക കമ്പനികളും നികുതി ‘തിരിമറി’ നടത്തുന്നത്.