അപൂർവ്വമായ ഇടപെടലിലൂടെ നൂറുകണക്കിന് മനുഷ്യരുടെ ജീവിത പ്രയാസങ്ങൾ പരിഹരിക്കാൻ നിരവധി തവണ അദ്ദേഹം തയ്യാറായിട്ടുണ്ട്. ഇപ്പോൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു പ്രവാസിയുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം നടത്തിയ ഇടപെടൽ മനുഷ്യത്വത്തിന്‍റെ ഉദാത്ത മാതൃകയായി മാറിയിരിക്കുകയാണെന്നും മട്ടന്നൂർ എംഎൽഎ കൂടിയായ കെകെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
കാറപകടത്തിൽ സുഡാൻ പൗരൻ മരിച്ചതുമായി ബന്ധപ്പെട്ട് പ്രവാസി മലയാളിക്ക് അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബം അതിനെ നിയമപരമായി നേരിട്ടെങ്കിലും കോടതി അദ്ദേഹത്തിന് വധശിക്ഷതന്നെ വിധിക്കുകയായിരുന്നു. ഇതറിഞ്ഞ യൂസഫലി ആ കുടുംബത്തിന് സഹായത്തിനായി എത്തുകയായിരുന്നു.
അദ്ദേഹത്തിന്‍റെ നിരന്തരമായ ഇടപെടലിനെ തുടർന്ന് മരണപ്പെട്ട കുട്ടിയുടെ കുടുംബം മാപ്പ് നൽകാമെന്ന് സമ്മതിക്കുകയും, കോടതിയിൽ അറിയിക്കുകയും ചെയ്തതിനെ തുടർന്നാണ് വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയുടെ മോചനത്തിന് വഴിയൊരുങ്ങിയത്. നഷ്ടപരിഹാരമായി കോടതി 5 ലക്ഷം ദിർഹം ആവശ്യപ്പെട്ടപ്പോൾ എം എ യൂസഫലി തന്നെ ആ തുക കോടതിയിൽ കെട്ടിവെച്ചു കൊണ്ട് പ്രവാസിയുടെ ജീവൻ രക്ഷിക്കാൻ തയ്യാറായി. നിയമനടപടികൾ പൂർത്തിയാക്കി അവർ ഉടൻ തന്നെ നാട്ടിലേക്ക് തിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞതെന്നും മുൻ ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു.
എം എ യൂസഫലിയുടെ ഇടപെടലിലൂടെ ഒരു പ്രവാസി മലയാളിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നത് നമുക്ക് എല്ലാവർക്കും ആശ്വാസവും സന്തോഷവും നല്‍കുന്ന വസ്തുതയാണ്. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് ഇനിയും കഴിയട്ടെ. എല്ലാ അഭിവാദ്യങ്ങളും നേരുന്നെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.