സുനിൽ നായ്ക്ക്, അശോക് ഷെട്ടി എന്നിവർ വീട്ടിൽ എത്തിയെന്നാണ് കെ സുന്ദരയുടെ മൊഴി. പത്രിക പിൻവലിക്കാൻ തനിക്ക് പണം തന്നത് ഇവരാണെന്നും മൊഴിയിൽ പറയുന്നു.
മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പണം നൽകിയെന്നാണ് കെ സുന്ദരയുടെ വെളിപ്പെടുത്തൽ. പത്രിക പിൻവലിക്കുന്നതിന് രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നാണ് വെളിപ്പെടുത്തൽ.
സുരേന്ദ്രൻ പണം തന്നിട്ടില്ലെന്ന് പറയാൻ തന്റെ അമ്മയോട് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്നും സുന്ദര ആരോപിച്ചു. ഭീഷണിയെത്തുടർന്ന് കൂടുതൽ വിവരങ്ങൾ പോലീസിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
“2016 ലെ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ശ്രീ സുന്ദര ഇത്തവണ ബിഎസ്പി സ്ഥാനാർഥിയായി നോമിനേഷൻ കൊടുത്തിരുനെങ്കിലും അദ്ദേഹം ശ്രീ കെ സുരേന്ദ്രന് വേണ്ടി പിൻവലിച്ച് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഒരു യക്ഷഗാന കലാകാരനായ ശ്രീ സുന്ദര ശബരിമല ആചാരങ്ങൾ സംരക്ഷിക്കാൻ വേണ്ടി ധീരോധാത്തമായ സമരം നയിച്ച കെ സുരേന്ദ്രന് ഒരു പ്രതിബന്ധമാവാൻ ആഗ്രഹിക്കുന്നില്ല എന്ന തന്റെ തീരുമാനത്തെ തുടർന്നാണ് പത്രിക പിൻവലിച്ചത്. കഴിഞ്ഞതവണ ബാലറ്റ് പേപ്പറിൽ കെ സുന്ദര എന്ന പേര് വച്ചിരുന്ന അദ്ദേഹത്തിന് 467വോട്ടുകൾ ലഭിച്ചിരുന്നു. ശ്രീ കെ സുരേന്ദ്രൻ 89 വോട്ടിനാണ് കഴിഞ്ഞ തവണ പരാജയപ്പെട്ടത്.” എന്ന കുറിപ്പോടെയാണ് സുനിൽ നായ്ക്ക് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.