ന്യൂഡല്‍ഹി. ലോകത്തിലെ തന്നെ മികച്ച ബാറ്റ്സ്മാന്മാരായി വിലയിരുത്തപ്പെടുന്ന വിരാട് കോഹ്ലിക്കും, രോഹിത് ശര്‍മയ്ക്കും പരിശീലനത്തിന്റെ പോരായ്മ തിരിച്ചടിയാകുമോ? എന്നാല്‍ ഇത് താരങ്ങള്‍ക്കൊരു തലവേദനയാകാന്‍ ഇടയുണ്ടെന്നാണ് ദിലിപ് വെങ്സര്‍ക്കറിന്റെ അഭിപ്രായം. നിലവില്‍ കോഹ്ലിയും കൂട്ടരും ഇംഗ്ലണ്ടിലാണ്. ന്യൂസിലന്‍ഡിനെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള തയാറെടുപ്പില്‍.
കലാശപ്പോരാട്ടത്തിലെ എതിരാളികളായ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാണ്. ഇന്ത്യന്‍ താരങ്ങളാകട്ടെ മൂന്ന് ദിവസത്തെ ക്വാറന്റീന് ശേഷം ഇന്നാണ് പരിശീലനം ആരംഭിക്കുന്നത്. ജൂണ്‍ പതിനെട്ടിനാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.
കോഹ്ലിയുടേയും രോഹിതിന്റെയും ഫോമിന്റെ കാര്യത്തില്‍ വെങ്സര്‍ക്കര്‍ക്ക് സംശയമില്ലെങ്കിലും പരിശീലന മത്സരങ്ങള്‍ ഇല്ലാത്തത് ഇരുവരുടേയും പ്രകടനത്തെ ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.
Also Read: WTC Final: സാഹചര്യങ്ങൾ ന്യൂസിലൻഡിന് അനുകൂലം: ബ്രെറ്റ് ലീ
“ഫോമിന്റെ കാര്യത്തിലും, ടീമെന്ന നിലയിലും ഇന്ത്യക്കാണ് മുന്‍തൂക്കം. ന്യൂസിലന്‍ഡിന്റെ മുന്‍തൂക്കം എന്തെന്നാല്‍, ഫൈനലിന് തൊട്ട് മുന്‍പ് തന്നെ അവര്‍ക്ക് രണ്ട് മത്സരങ്ങള്‍ കളിക്കാനായി. സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും സാധിച്ചു,” വെങ്സര്‍ക്കര്‍ പറഞ്ഞു.
“ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കുറഞ്ഞത് രണ്ട്, മൂന്ന് മത്സരങ്ങളെങ്കിലും ഇന്ത്യ കളിക്കണമായിരുന്നു. ബാറ്റ്സ്മാന്മാര്‍ക്കും ബോളര്‍മാര്‍ക്കും ബാധകമായ കാര്യമാണിത്. നിങ്ങള്‍ക്ക് പരിശീലനം ഉണ്ടായിരിക്കാം, സാഹചര്യങ്ങള്‍ അറിഞ്ഞിരിക്കാം. പക്ഷെ, വലിയ പോരാട്ടത്തിന് മുന്‍പ് ഒരു മത്സരം കളിക്കാര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും സഹായവും വ്യത്യസ്ഥമാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിശീലന മത്സരങ്ങളുടെ അഭാവം പ്രകടനത്തെ ബാധിക്കില്ല എന്നായിരുന്നു നായകന്‍ വിരാട് കോഹ്ലി അഭിപ്രായപ്പെട്ടത്.
The post പരിശീലന മത്സരങ്ങളുടെ പോരായ്മ കോഹ്ലിക്കും രോഹിതിനും തിരിച്ചടിയായേക്കാം: വെങ്സര്‍ക്കര്‍ appeared first on Indian Express Malayalam.