കൊച്ചി: ബിജെപി കോർ കമ്മിറ്റി യോഗസ്ഥലം മാറ്റി. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗം ചേരുക. ആദ്യം നിശ്ചയിച്ചിരുന്ന ഹോട്ടലിൽ ലോക്ഡൗൺ നിയമലംഘനം ചൂണ്ടിക്കാട്ടി പോലീസ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് യോഗസ്ഥലം മാറ്റിയത്.
അല്പസമയം മുമ്പാണ് കോർ കമ്മിറ്റി യോഗം നടക്കുന്ന വേദി മാറ്റിയതായി ബിജെപി നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചത്. സ്വകാര്യ ഹോട്ടലിലായിരുന്നു യോഗം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിലെ കോവിഡ് പശ്ചാത്തലത്തിൽ ഹോട്ടലിൽ യോഗനടപടികൾ നടത്താൻ അനുവദിക്കില്ലെന്ന് പോലീസ് നോട്ടീസ് നൽകിയിരുന്നു. ഹോട്ടൽ തുറക്കാനോ പ്രവർത്തിക്കാനോ പാടില്ലെന്ന് നിർദേശം നൽകി.
തുടർന്ന് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യോഗം മാറ്റുകയായിരുന്നു. മൂന്നുമണിയോടെ യോഗം ആരംഭിക്കും. സംസ്ഥാനത്തെ വിവിധ നേതാക്കൾ സ്വകാര്യ ഹോട്ടലിലേക്ക് എത്തിയിരുന്നു. ഇവരെല്ലാവരും ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് തിരിച്ചിരിക്കുകയാണ്.
Content Highlights:BJPs core committee meeting, police asked the party leadership to follow the covid protocol