കൊച്ചി: കൊടകര കുഴൽപ്പണക്കേസിലെപ്രതി ചേർക്കപ്പെട്ടവരുടെ കോൾ ലിസ്റ്റ് പോലീസ് പരിശോധിക്കുന്നില്ലെന്ന് ബിജെപി. കോർ കമ്മിറ്റി യോഗത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനാണ് ഈ ആരോപണം ഉന്നയിച്ചത്.
പണം കവർച്ച ചെയ്ത കേസിലെ പ്രതികൾ സിപിഎമ്മുകാരും സിപിഐക്കാരുമാണ്. അവരെക്കുറിച്ചുള്ള വിവരങ്ങൾ എന്തുകൊണ്ട് പുറത്തുവിടുന്നില്ല?. അവരെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങൾ എന്തെല്ലാമാണ്?അവരുടെ ഫോൺ കോൾ ലിസ്റ്റുകൾ പരിശോധിച്ച് പോലീസ് എന്തുകൊണ്ട് ബന്ധപ്പെടുന്നില്ല. അതിന്റെ പിന്നിലുള്ള ഗൂഢാലോചന, കരുനീക്കങ്ങൾ, തയ്യാറെടുപ്പുകൾ എന്നിവ എന്തായിരുന്നുവെന്ന് പറയാനുള്ള ബാധ്യത സർക്കാരിനില്ലേയെന്നും അദ്ദേഹം ചോദിച്ചു.
കേസിൽ ധർമരാജൻ പരാതിക്കാരനാണ്. അദ്ദേഹത്തിന്റെ ഫോൺ പരിശോധിച്ച് ആരെല്ലാം വിളിച്ചിട്ടുണ്ടോ അവരെയെല്ലാം തേടിപ്പിടിച്ച് ചോദ്യം ചെയ്യാൻ വിളിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നും കുമ്മനം ചോദിച്ചു. കേസിലെ പ്രതികൾക്ക് സിപിഎമ്മിന്റെയും സിപിഐയുടേയും ഉന്നത നേതാക്കളുമായി ബന്ധമുണ്ട്. എംഎൽഎ ഉൾപ്പെടെയുള്ളവരുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികൾ. അവരെക്കുറിച്ച് വെളിപ്പെടുത്താൻ പോലീസ് എന്തുകൊണ്ട് വിമുഖത കാണിക്കുന്നുവെന്നും കുമ്മനം ചോദിച്ചു.
Content Highlights: Kummanam Rajasekharan on Kodakara case