നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോന്നിയിൽ വെച്ച് ധർമ്മരാജനും ഹരി കൃഷ്‌ണനും കൂടിക്കാഴ്‌ച നടത്തി. ഇരുവരും തമ്മിൽ പലവട്ടം ഫോണിൽ സംസാരിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രൻ്റെ മകനിൽ നിന്നും മൊഴിയെടുക്കാൻ ഉദ്ദേശിക്കുന്നത്.
കുഴൽപ്പണ കേസിൽ കെ സുരേന്ദ്രനെ കൂടുതൽ പ്രതിസന്ധിയിലാക്കി ഡ്രൈവറും സെക്രട്ടറിയും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. കേസിലെ മുഖ്യപ്രതി ധർമ്മരാജനെ അറിയാമെന്നും പരിചയമുണ്ടെന്നും വ്യക്തമാക്കി. ധർമ്മരാജനെ അറിയാം. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രചാരണ സാമഗ്രഹികൾ അദ്ദേഹത്തിനെ ഏൽപ്പിച്ചിരുന്നു. പലവട്ടം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും ഇരുവരും മൊഴി നൽകി. എന്നാൽ, സുരേന്ദ്രനും ധർമ്മരാജനും നേരിൽ കണ്ടിരുന്നോ എന്ന ചോദ്യത്തിൽ അറിയില്ല എന്ന മറുപടിയാണ് ഇവർ നൽകിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
തൃശൂരിലേക്ക് വിളിച്ചുവരുത്തിയാണ് ഡ്രൈവറിൽ നിന്നും സെക്രട്ടറിയിൽ നിന്നും പോലീസ് മൊഴിയെടുത്തത്. കെ സുരേന്ദ്രനെതിരെ വെളിപ്പെടുത്തലുമായി മഞ്ചേശ്വരത്തെ അപരൻ കെ സുന്ദര രംഗത്തുവന്നിരുന്നു. മത്സരത്തിൽ നിന്നു പിന്മാറാനും പത്രിക പിൻവലിക്കാനുമായി തനിക്ക് രണ്ട് ലക്ഷം രൂപയും സ്മാര്‍ട് ഫോണും നല്‍കിയെന്നാണ് കെ സുന്ദര വാര്‍ത്താ ചാനലിനോടു പറഞ്ഞത്. ബിജെപി നേതാക്കള്‍ വീട്ടിലെത്തി പണം അമ്മയുടെ കൈയ്യിൽ കൊടുത്തതായും സുന്ദര പറഞ്ഞു.
കൊടകര കുഴൽപ്പണ കേസ് വിവാദം തുടരുന്നതിനിടെ ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ നടക്കും. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ആരോപണം ശക്തമായിരിക്കെയാണ് കൊച്ചിയിൽ ഇന്ന് വൈകിട്ട് മുന്ന് മണിക്ക് യോഗം ചേരുന്നത്.