തൃശ്ശൂർ: കൊടകര കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഏകദേശം 9.80 കോടി രൂപയാണ് ധർമ്മരാജൻ തൃശൂരിൽ എത്തിച്ചതെന്ന നിർണായക വിവരം അന്വേഷണസംഘത്തിന് ലഭിച്ചു. ഇതിൽ 6.30 കോടി രൂപ തൃശ്ശൂർ ജില്ലയിൽ ഏൽപിച്ചു. ബാക്കി തുകയുമായി പോകുന്നതിനിടെയാണ് കവർച്ച നടന്നെന്നുമാണ് ഇപ്പോൾ പുറത്തെത്തുന്നവിവരം.
പരാതിക്കാരൻ ധർമരാജൻ നേരത്തെയും കുഴൽപ്പണം കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. കവർച്ചാ കേസിന് പുറമേ, പണം എങ്ങനെ എത്തിച്ചു?, എവിടെനിന്ന് എത്തിച്ചു? എത്ര പണം എത്തിച്ചു എന്നീ കാര്യങ്ങളും പോലീസ് അന്വേഷിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്നാണ് റിപ്പോർട്ട്
കുഴൽപ്പണ കവർച്ച നടക്കുന്നത് ഏപ്രിൽ മാസം മൂന്നാം തിയതിയാണ്. ഏപ്രിൽ രണ്ടിന് ധർമരാജനും സംഘവും തൃശ്ശൂരിലെത്തുമ്പോൾ, 9.80 കോടി രൂപ അവരുടെ കൈവശം ഉണ്ടായിരുന്നു എന്ന വിവരമാണ് ഇപ്പോൾ പോലീസിന് ലഭിച്ചിരിക്കുന്ന്. ഇതിൽ 6.30 കോടി തൃശ്ശൂരിൽ നൽകുകയും ബാക്കി 3.50 കോടി രൂപയുമായി പോകുന്നതിനിടെയാണ് കവർച്ച നടന്നത്. രണ്ടു കോടി രൂപ തൃശ്ശൂർ മണ്ഡലത്തിനു വേണ്ടി മാത്രം നൽകിയെന്നും വിവരം പുറത്തെത്തുന്നുണ്ട്.
6.30 കോടി തൃശ്ശൂർ ജില്ലയ്ക്കു വേണ്ടി മാത്രമാണ് നൽകിയത്. ബാക്കി തുക ജില്ലയിലെ എ ക്ലാസ് മണ്ഡലങ്ങളിലേക്കു കൂടി വിഭജിച്ച് നൽകുകയായിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുഴൽപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിന് പണം കണ്ടെത്തുന്നതിനു വേണ്ടി കുഴൽപ്പണ ഇടപാടുകാരെ പാർട്ടി നേതൃത്വം ഏർപ്പെടുത്തിയെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
content highlights:new informations regarding kotakara black money case