കൊടകര കുഴൽപ്പണ കേസിൽ ബിജെപിയുടെ നിലപാട് എന്താകുമെന്ന് യോഗത്തിൽ തീരുമാനിക്കും. നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം, കൊടകര കുഴൽപ്പണ കേസ്, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം എന്നീ വിഷയങ്ങളെല്ലാം ചർച്ചയിൽ വരും.
കൊടകര കുഴൽപ്പണ കേസ് തന്നെയാകും പ്രധാനമായും ചർച്ചയാകുക. പി കെ കൃഷ്‌ണദാസ്, എം ടി രമേശ്, എ എൻ രാധാകൃഷ്‌ണൻ എന്നിവരുടെ നിലപാട് നിർണായകമാകും. കേരളത്തിൻ്റെ ചുമതലയുള്ള പ്രഭാരി സി പി രാധാകൃഷ്‌ണൻ പങ്കെടുക്കും. എന്നാൽ ആരോപണം പ്രതിരോധിക്കാനുള്ള നിലപാടിലാണ് സുരേന്ദ്രൻ വിഭാഗം ശ്രമിക്കുക. ആരോപണം ശക്തമായിരിക്കെ പാർട്ടിയെ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കേണ്ടതുണ്ടെന്ന് മുതിർന്ന നേതാക്കൾ സൂചിപ്പിച്ചു.
കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്കടക്കം ചോർത്തി നൽകിയത് ബിജെപിയിലെ ഒരു വിഭാഗമാണെന്നാണ് റിപ്പോർട്ട്. പി കെ കൃഷ്‌ണദാസ് പക്ഷം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ആരോപണങ്ങളുടെ പേരിൽ സംസ്ഥാന അധ്യക്ഷൻ രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് വി മുരളീധരനെ അനുകൂലിക്കുന്നവരുടെ വാദം.
ബിജെപി സംസ്ഥാന സെക്രട്ടറിമാരുടെ ദേശീയ യോഗം ഡൽഹിയിൽ നടക്കുന്നുണ്ട്. കേരളത്തിലെ വിവാദങ്ങളും കേസ് നടപടികളും യോഗത്തിൽ ചർച്ചയായേക്കുമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്‌തു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വൻ തുക ചെലവഴിച്ചിട്ടും പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
അതേസമയം, കുഴൽപ്പണ കേസിൽ കെ സുരേന്ദ്രനെ കൂടുതൽ പ്രതിസന്ധിയിലാക്കി ഡ്രൈവറും സെക്രട്ടറിയും അന്വേഷണ സംഘത്തിന് മൊഴി നൽകി. കേസിലെ മുഖ്യപ്രതി ധർമ്മരാജനെ അറിയാമെന്നും പരിചയമുണ്ടെന്നും വ്യക്തമാക്കി. ധർമ്മരാജനെ അറിയാം. പ്രചാരണ സാമഗ്രഹികൾ അദ്ദേഹത്തിനെ ഏൽപ്പിച്ചിരുന്നു. പലവട്ടം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും ഇരുവരും മൊഴി നൽകിയിട്ടുണ്ട്.