കൊച്ചി > എല്ലാ മീൻപിടിത്ത ബോട്ടിലും സർക്കാർ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ. ദ്വീപുസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണിതെന്ന് തുറമുഖത്തിന്റെ ചുമതലയുള്ള സച്ചിൻ ശർമ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ മുഖ്യ ഉപദേഷ്ടാവിന്റെ സാന്നിധ്യത്തിൽ 28ന് ചേർന്ന യോഗത്തിലാണ് തീരുമാനം. ദ്വീപ് കേന്ദ്രമായി മയക്കുമരുന്ന്, തീവ്രവാദ പ്രവർത്തനം നടത്തുന്നുവെന്ന നിഗമനത്തിലാണ് ഈ നീക്കവും.
ജനസംഖ്യയുടെ പകുതിയിലേറെ മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന ദ്വീപിലെ സ്വൈരജീവിതത്തിന് വെല്ലുവിളിയാകുന്നതാണ് ഈ തീരുമാനവും. തീരത്തും കടലിലും നിലവിൽ പട്രോളിങ് നടത്തുന്നുണ്ട്. കോസ്റ്റ് ഗാർഡും നാവികസേനയും അടക്കമുള്ളവരുടെ കർശന പരിശോധനയുമുണ്ട്. യാത്രായാനം ഉൾപ്പെടെയുള്ളവയിൽ ഇനിമുതൽ കർശന പരിശോധനയുണ്ടാകും. നേരത്തേ കോഴിക്കോട്ടും കൊച്ചിയിലുമാണ് പരിശോധനയുണ്ടായിരുന്നത്. ഇനിമുതൽ ദ്വീപിലുമുണ്ടാകും. യാനങ്ങൾ അടുക്കുന്ന ബർത്തുകളിൽ നിരീക്ഷണക്യാമറ സ്ഥാപിക്കും. യാത്രികരെയും ബാഗേജും പരിശോധിക്കാനുള്ള സംവിധാനം ബേപ്പൂർ, മംഗളൂരു തുറമുഖങ്ങളോടനുബന്ധിച്ച് സ്ഥാപിക്കും. നിലവിൽ കൊച്ചിയിൽമാത്രമാണ് പരിശോധനയുള്ളത്. ബീഫ് നിരോധനം ഉൾപ്പെടെയുള്ള ജനദ്രോഹ നടപടിക്ക് പിന്നാലെയാണ് അഡ്മിനിസ്ട്രേഷന്റെ കടുംകൈ.