തിരുവനന്തപുരം > പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സാങ്കേതിക സൗകര്യം സംബന്ധിച്ച കണക്കെടുപ്പ് സമഗ്ര ശിക്ഷാ കേരള (എസ്എസ്കെ) തിങ്കളാഴ്ച പൂർത്തിയാക്കും. വീടുകളിലെ ഇന്റർനെറ്റ് വേഗത, സ്മാർട്ട് ഫോൺ, ലാപ് ടോപ് എന്നിവയുടെ ലഭ്യത എന്നിവയിലാണ് അധ്യാപകരുടെ സഹായത്തോടെ കണക്കെടുക്കുന്നത്.
കോവിഡ് രണ്ടാം തരംഗം ആരംഭിച്ചയുടൻ എസ്എസ്കെ വിവരശേഖരണം ആരംഭിച്ചിരുന്നു. ഡിജിറ്റൽ ക്ലാസിനു പുറമെ സ്കൂൾതലത്തിൽ ഓൺലൈൻ ക്ലാസ് ആരംഭിക്കുന്നതിന് സർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിലാണിത്. തിങ്കളാഴ്ച കണക്കെടുപ്പ് പൂർത്തിയാകുമെന്നും തുടർന്ന് റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുമെന്നും എസ്എസ്കെ ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ പറഞ്ഞു.
ക്ലാസ് തിരിച്ചാണ് വിവരം ശേഖരിക്കുന്നത്. ആദ്യഘട്ടം സ്കൂൾ തലത്തിലെ ഓൺലൈൻ ക്ലാസ് പത്ത്, പ്ലസ് ടു വിദ്യാർഥികൾക്കായി നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക ആലോചന. ഓൺലൈൻ പഠനസൗകര്യ റിപ്പോർട്ട് കൂടി ലഭിച്ചശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
കഴിഞ്ഞവർഷം 99 ശതമാനം വിദ്യാർഥികൾക്കും ടെലിവിഷൻ ഉൾപ്പെടെയുള്ള പഠനോപകരണം ജനങ്ങളുടെ സഹകരണത്തോടെ എത്തിച്ചിരുന്നു. ഇന്റർനെറ്റ് സൗകര്യമില്ലാത്തയിടങ്ങളിൽ പഠനമുറി സൃഷ്ടിച്ച് ഡിജിറ്റൽ ക്ലാസ് ലഭ്യമാക്കി. ഇത്തവണ ഡിജിറ്റൽ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്ത കുട്ടികൾ അമ്പതിനായിരത്തിൽ താഴെ മാത്രമാണ്.