കണ്ണൂർ > കുഴൽപ്പണ വിവാദം കത്തിപ്പടരുന്നതിനിടെ സ്ഥാനാർഥിയുടെപേരിലെത്തിയ അരക്കോടിയെച്ചൊല്ലി കണ്ണൂരിലും തർക്കം. നഗരത്തോടുചേർന്ന മണ്ഡലത്തിലെ സ്ഥാനാർഥിയുടെ ഡ്രൈവറുടെ കൈയിലെത്തിയ ഫണ്ട് എവിടേക്ക് മറിഞ്ഞു എന്ന ചർച്ചയിലാണ് ബിജെപി നേതൃത്വം. പരാതിയില്ലാത്ത നിലയിൽ തർക്കം ഒതുക്കിയെങ്കിലും വിഷയം നീറിപ്പുകയുകയാണ്.
നേരത്തെ പലവിധ ആരോപണങ്ങളിലുംപെട്ട ആളാണ് സ്ഥാനാർഥി. തെരഞ്ഞെടുപ്പിൽ വലിയ തുകയുടെ കടമുണ്ടായെന്ന് ഇയാൾ പുറമെ പറഞ്ഞതാണ് വിനയായത്. അരക്കോടി രൂപ എന്തുചെയ്തെന്ന് ചോദിച്ചപ്പോൾ കൃത്യമായ വിശദീകരണം നൽകാനായില്ല.
കണ്ണൂർ ജില്ലയിൽ ആദ്യഘട്ടമെത്തിയ ഫണ്ടിന് വ്യക്തമായ കണക്കില്ലെന്ന വിമർശനം തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ഉയർന്നതാണ്. ഇപ്പോൾ അരക്കോടി രൂപക്കും സമാധാനം പറയേണ്ട സ്ഥിതിയിലാണ് നേതൃത്വം.
തലശ്ശേരി ദുരൂഹം
സാങ്കേതികത്വം പറഞ്ഞ് തലശേരിയിലെ പത്രിക തള്ളൽ വിശദീകരിക്കുമ്പോഴും വിവാദം അടങ്ങിയിട്ടില്ല. നാമനിർദേശ പത്രിക പൂരിപ്പിക്കാൻ തലേദിവസം രാത്രിയാണ് അഭിഭാഷകനെ ഏൽപിച്ചതെന്ന വിവരവും പുറത്തുവന്നു.
പത്രികക്കൊപ്പം നൽകേണ്ട എ, ബി ഫോറങ്ങൾ ആ ഘട്ടത്തിലും നൽകാതെ മാറ്റിവച്ചു. പത്രിക സമർപ്പണത്തിന്റെ തൊട്ടുമുമ്പാണ് ദേശീയപ്രസിഡന്റിന്റെ ഒപ്പില്ലാത്ത ഫോറം പത്രികക്കൊപ്പം ചേർത്തത്. ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന നിലപാടിലാണ് ഔദ്യോഗികപക്ഷം.