തൃശൂർ > ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ സുരേന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് നൂറിലേറെ മണ്ഡലങ്ങളിൽനിന്ന് ബിജെപിയുടെ ചെറുതും വലുതുമായ നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകി. നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയും കുഴൽപ്പണ ഇടപാടും സി കെ ജാനുവിന് സുരേന്ദ്രൻ പണം നൽകിയതായുള്ള ശബ്ദരേഖയും ബിജെപിയെ ജനമധ്യത്തിൽ നാണംകെടുത്തി. ഈ സാഹചര്യത്തിൽ മാറ്റം വരണമെങ്കിൽ നിലവിലെ നേതൃത്വം മാറണമെന്നാണ് കത്തിൽ പറയുന്നത്.
മണ്ഡലം, ജില്ലാ, സംസ്ഥാന, ദേശീയ ചുമതലയുള്ള നേതാക്കളുടെ ആവശ്യം പരിഗണിച്ചില്ലെങ്കിൽ ബിജെപിയെ ഒരിക്കലും ജനങ്ങൾ വിശ്വസിക്കില്ലെന്ന് മുതിർന്ന നേതാവ് പറഞ്ഞു. ബിജെപിയെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത് സുരേന്ദ്രൻ–-മുരളീധരൻ കൂട്ടുകെട്ടാണ്. മാഫിയ സംഘങ്ങൾക്കും പാർടിയിൽനിന്നും അഴിമതിയുടെ പേരിൽ പുറത്താക്കിയ നേതാക്കൾക്കും സ്ഥാനാർഥിത്വം വീതിച്ചു നൽകി.
മെഡിക്കൽ കോഴ ആരോപണത്തിൽ പാർടി പുറത്താക്കിയ വട്ടിയൂർക്കാവ് സ്ഥാനാർഥി വി വി രാജേഷ്, അഴിമതിയുടെ പേരിൽ പുറത്താക്കിയ മലപ്പുറത്തെ സ്ഥാനാർഥി സേതുമാധവൻ, മഞ്ചേരി സ്ഥാനാർഥി രശ്മിൽ നാഥ് എന്നിവർ ഉദാഹരണമാണെന്ന് കത്തിൽ പറഞ്ഞു.
സംസ്ഥാന അധ്യക്ഷൻ നാമനിർദേശ ഫോറത്തിൽ ഒപ്പിടാതെ രണ്ടിടത്ത് സ്ഥാനാർഥിത്വം തള്ളിയത് ബിജെപിയുടെ ചരിത്രത്തിലാദ്യമാണ്. സംസ്ഥാന പ്രസിഡന്റിന്റെ ശ്രദ്ധ പാർടി കാര്യങ്ങളിലല്ല, മറിച്ച് സാമ്പത്തിക കാര്യങ്ങളിലും ഗ്രൂപ്പ് പ്രവർത്തനത്തിലുമാണെന്നതിന്റെ തെളിവാണിത്. ആരും അറിയാതെയാണ് മാനന്തവാടിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. മണ്ഡലത്തിൽനിന്നും നൽകിയ രണ്ടു പേരുടെ പട്ടിക പൂർണമായി ഒഴിവാക്കി സുരേന്ദ്രനും മുരളീധരനുംകൂടി സ്ഥാനാർഥി പട്ടിക എഴുതി ഉണ്ടാക്കി. അഖിലേന്ത്യാ നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർഥി, തന്നോട് ചോദിക്കാതെയാണ് സ്ഥാനാർഥിയാക്കിയതെന്ന് പറഞ്ഞു പിന്മാറിയത് ദേശീയ തലത്തിൽതന്നെ നാണക്കേടായി.
തെരെഞ്ഞെടുപ്പുചുമതല പൂർണമായും ഔദ്യോഗിക പക്ഷത്തെ നേതാക്കൾക്ക് നൽകിയത് സാമ്പത്തിക തിരിമറി നടത്താനിയിരുന്നുവെന്നും നേതാക്കൾ പറയുന്നു.
ആർഎസ്എസ് കടുത്ത അതൃപ്തിയിൽ
തൃശൂർ > കഴിഞ്ഞ ദിവസം വി മുരളീധരനെ വിളിച്ചുവരുത്തി കുഴൽപ്പണ ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആർഎസ്എസ് കടുത്ത അതൃപ്തി അറിയിച്ചു. സംസ്ഥാന നേതൃത്വം മാറണമെന്ന നിലപാട് ആർഎസ്എസ് കേന്ദ്രനേതാക്കളെ അറിയിച്ചിട്ടുണ്ട്. സുരേന്ദ്രൻ സ്ഥാനം ഒഴിഞ്ഞാൽ കേന്ദ്രമന്ത്രി വി മുരളീധരനും ഒഴിയണ്ടി വരുമോയെന്നത് മുരളീധര പക്ഷത്തും ഭിന്നതക്കിടയാക്കിയിട്ടുണ്ട്.
ഉപ്പുതിന്നവർ വെള്ളം കുടിക്കും: സി കെ പത്മനാഭൻ
കണ്ണൂർ > ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭൻ. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി മാത്രമല്ല, രാഷ്ട്രീയവും മലീമസമായി. ഉപ്പുതിന്നവർ ആരാണോ അവർ വെള്ളം കുടിക്കുമെന്നത് പ്രകൃതിനിയമമാണ്. ഈ പരിസ്ഥിതി ദിനത്തിൽ തനിക്ക് അതാണ് പറയാനുള്ളതെന്നും പത്മനാഭൻ വ്യക്തമാക്കി.