തൃശൂർ > സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരിലും കുഴൽപ്പണം ഇറങ്ങി. ഇതുസംബന്ധിച്ച് വിവരങ്ങൾ പ്രത്യേക അന്വേഷക സംഘത്തിന് ലഭിച്ചു. പണമിടപാടിൽ ബിജെപിക്കാർ തമ്മിൽ 40 ലക്ഷംരൂപയുടെ തർക്കം നടന്നതോടെയാണ് തൃശൂരിലും കുഴൽപ്പണം ഇറങ്ങിയ വിവരം പുറത്തായത്.
സുരേഷ്ഗോപി മത്സരിച്ച തൃശൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ പണവുമായി ധർമരാജൻ എത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊടകരയിൽ കാറിൽ കടത്തിയ മൂന്നരക്കോടിക്കു പുറമെ തൃശൂർ ജില്ലയിലെ മറ്റു മണ്ഡലങ്ങളിലേക്കും പണമിറക്കിയതായും സൂചന ലഭിച്ചിരുന്നു. ഇതിനിടെയാണ് പണമിടപാടിൽ ബിജെപിക്കാർ തമ്മിലുള്ള 40 ലക്ഷത്തിന്റെ തർക്കം പുറത്തുവന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സ്ഥാനാർഥിയായ സുരേഷ്ഗോപിയുടെ പ്രചാരണം നടത്തിയവർക്ക് 40 ലക്ഷം നൽകിയില്ലെന്ന് ആരോപണമുണ്ടായിരുന്നു.
ഫ്ളക്സ് ബോർഡ് സ്ഥാപിച്ചവർക്കും ഡിജിറ്റൽ പ്രചാരണവണ്ടി ഓടിച്ചവർക്കുമുൾപ്പെടെ പണം നൽകാനുണ്ട്. യഥാർഥ ബില്ലിന് പകരം ഇരട്ടി ബിൽ നൽകണമെന്ന് പ്രചാരണ ചുമതലയുള്ള നേതാവ് ആവശ്യപ്പെട്ടു. എന്നാൽ, ഇത് നൽകാൻ പ്രചാരണം നടത്തിയ ഏജൻസിക്കാർ സമ്മതിച്ചില്ല. ഇതോടെ പണം നൽകാതെ തടഞ്ഞുവച്ചു. ഇതുസംബന്ധിച്ച് ബിജെപി നേതാക്കൾക്ക് ഏജൻസി പരാതി നൽകി.
നിയമസഭാ തെരഞ്ഞെടുപ്പിൽ പണം എത്തിയാൽ നൽകാമെന്ന് ബിജെപി നേതാക്കൾ പരാതിക്കാർക്ക് ഉറപ്പു നൽകി. നിയമസഭാ തെരഞ്ഞെടുപ്പിനിറങ്ങിയ കുഴൽപ്പണത്തിൽനിന്ന് 40 ലക്ഷം ഇതിനായി മാറ്റിവച്ചിരുന്നതായാണ് വിവരം. എന്നാൽ, കൊടകര കുഴൽപ്പണ ഇടപാട് പുറത്തുവന്നതോടെ പണം നൽകിയില്ല. ഇക്കാര്യമാണ് ഇപ്പോൾ പുറത്തുവന്നത്. ഇക്കാര്യത്തിൽ സുരേഷ് ഗോപിയെ ചോദ്യം ചെയ്യേണ്ട സാഹചര്യം പൊലീസ് പരിശോധിക്കുകയാണ്.