തിരുവനന്തപുരം > കടമെടുപ്പ്, കിഫ്ബി എന്നിവയെച്ചൊല്ലി ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിനെതിരെ ഉയർത്തിയ വിമർശങ്ങളൊന്നും ഇത്തവണ ഉയർന്നിട്ടില്ലെന്നതാണ് പുതുക്കിയ ബജറ്റിന്റെ തെളിമയുടെ സാക്ഷ്യം. ഇത്തവണ ഇത്തരം കാര്യങ്ങളിലും പ്രതിപക്ഷ നിലപാട് ബജറ്റിനൊപ്പമായി.
കടമെടുപ്പില്ലാതെ മറ്റു മാർഗമൊന്നുമില്ലെന്ന് മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ തുറന്നുപറച്ചിൽ പ്രതിപക്ഷത്തിന്റെ കണ്ണുതുറപ്പിച്ചു. വിദേശത്തുനിന്ന് കടമെടുത്തായാലും നോട്ട് അച്ചടിച്ചായാലും സർക്കാരുകളുടെ ചെലവ് ഉയർത്താനാണ് ചിദംബരത്തിന്റെ ഉപദേശം. ഇത് നേരത്തേ തിരിച്ചറിഞ്ഞുള്ള നടപടികൾക്കാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ തുടക്കമിട്ടതെന്ന് മുൻധനമന്ത്രി ടി എം തോമസ് ഐസക് ചുണ്ടിക്കാട്ടി. 2000 കോടിയിലേറെ രൂപയുടെ കിഫ്ബി പദ്ധതികൾ ഇത്തവണയും ബജറ്റിലുണ്ട്. അനുവാദം നൽകിയിട്ടുള്ള 63,000 കോടിയുടെ പദ്ധതികൾ തുടരും.
കിഫ്ബിയെന്ന നൂതനസംരംഭം അനിവാര്യമാണെന്ന് അംഗീകരിക്കപ്പെട്ടു. രാജ്യത്തിന് മാതൃകയാകുന്ന ഇത്തരം പരീക്ഷണങ്ങൾക്ക് മുതിരാൻ എൽഡിഎഫിനുമാത്രമാണ് ധൈര്യം. ഇതിന്റെ തുടർച്ചയാണ് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട്. പരക്കെ അംഗീകരിക്കപ്പെട്ട വികസന തന്ത്രമാണിത്. അഞ്ചുവർഷംകൊണ്ട് കർഷകവരുമാനം 50 ശതമാനംകൂടി ഉയർത്തുമെന്ന നയപ്രഖ്യാപനത്തിന് ബജറ്റിൽ പരാമർശമില്ലെന്ന വിമർശവും വസ്തുതാപരമല്ല. പ്രകടനപത്രികയിലും നയപ്രഖ്യാപനത്തിലും ബജറ്റിലും പറയുന്നവ എണ്ണംപറഞ്ഞ് നടപ്പാക്കുന്നതാണ് എൽഡിഎഫ് രീതി. കാർഷിക അടിസ്ഥാന സൗകര്യവികസനത്തിന് 2000 കോടി രൂപയുടെ വായ്പ ഉറപ്പാക്കുന്നു. കാർഷിക ഉൽപ്പന്ന സംഭരണം, സംസ്കരണം, വിപണനം തുടങ്ങിയ മേഖലയിൽ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് മൂലധനം ലഭ്യമാക്കുന്നത്. ഇത് കർഷകവരുമാനം വർധിപ്പിക്കും.
തോട്ടങ്ങളുടെ ഒരുഭാഗം ഫലവർഗകൃഷിക്ക് ഉപയോഗിക്കുന്നതിൽ നയരൂപീകരണമാണ് ബജറ്റ് പ്രഖ്യാപിച്ചത്.
കാർഷികവിളകളിലെ ഏതു പരീക്ഷണവും അതിവേഗം പകർത്തുന്ന സ്വഭാവം കേരളീയർക്കുണ്ട്. ഇത് അമിത ഉൽപ്പാദനത്തിനും വിലത്തകർച്ചയ്ക്കും കൃഷിനഷ്ടത്തിനും കാരണമാകുന്നു. ഇതു മുന്നിൽക്കണ്ടുള്ള നടപടികളേ സ്വീകരിക്കൂവെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നിലപാട്.