തിരുവന്തപുരം > ജൂണിലും ഭക്ഷ്യക്കിറ്റ് വിതരണം തുടരും. 85 ലക്ഷംപേർക്ക് കിറ്റ് പതിനഞ്ചോടെ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രാനുമതി ലഭ്യമായ 35 പിഎസ്എ ഓക്സിജൻ പ്ലാന്റിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. ഒക്ടോബറോടെ പ്ലാന്റുകളുടെ പ്രവർത്തനം പൂർത്തീകരിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മാനസിക വൈകല്യമുള്ളവർക്ക് മുൻഗണന
മാനസിക വൈകല്യമുള്ളവരെ വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും. സെക്രട്ടറിയറ്റിൽ മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരുൾപ്പെടെ വാക്സിനേഷൻ ലഭിക്കാത്ത എല്ലാ ഉദ്യോഗസ്ഥരെയും മുൻഗണനാ പട്ടികയിലുൾപ്പെടുത്തും.
റബർ കടകൾ തുറക്കാം
വ്യവസായ അസംസ്കൃതവസ്തുവായ റബർ വിൽക്കുകയും വാങ്ങുകയുംചെയ്യുന്ന കടകൾക്ക് പ്രവർത്തനാനുമതി നൽകും. വ്യവസായശാലകളും അതിനോടനുബന്ധിച്ച അസംസ്കൃത വസ്തുക്കളുടെ കടകൾക്കും പ്രവർത്തിക്കാം.
സമൂഹ അടുക്കളയിൽ ഭക്ഷണമില്ലെങ്കിൽ നടപടി
സമൂഹ അടുക്കളയിൽനിന്ന് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കാൻ തദ്ദേശഭരണ വകുപ്പിനും ജില്ലാ ഭരണാധികാരികൾക്കും നിർദേശം നൽകി.
കിസാൻ കാർഡ് കാലാവധി നീട്ടും
കോവിഡ് സാഹചര്യം പരിഗണിച്ച് ഈ മാസത്തോടെ കാലാവധി അവസാനിക്കുന്ന കിസാൻ ക്രെഡിറ്റ് കാർഡിന്റെ കാലാവധി നീട്ടാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
തുടർച്ചയായി ടെസ്റ്റ്ചെയ്യും
കൂടുതൽപേർ ഒരുമിച്ച് ജോലിയെടുക്കുന്ന സ്ഥലങ്ങളിൽ പ്രത്യേകിച്ച് നിർമാണമേഖലയിലെ അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ തുടർച്ചയായി കോവിഡ് ടെസ്റ്റ് ചെയ്യും.