തൃശൂർ > തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുഴൽപ്പണം കടത്തിയ ധർമരാജനുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ബന്ധമെന്ന് നിർണായക മൊഴി. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയും ഡ്രൈവർ ലബീഷിനെയും ചോദ്യംചെയ്തതിൽനിന്നാണ് ഈ വിവരം ലഭിച്ചത്. ധർമരാജനെ സുരേന്ദ്രന് അറിയാമായിരുന്നതായും ഫോണിൽ വിളിച്ചിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു. സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിനുമുന്നോടിയായാണ് ഇരുവരേയും ചോദ്യംചെയ്തത്.
അതിനിടെ സുരേന്ദ്രന്റെ അടുത്ത ബന്ധുവുമായി ധർമരാജൻ കോന്നിയിൽ കൂടിക്കാഴ്ച നടത്തിയതായി വിവരം ലഭിച്ചു. ഇയാൾ ധർമരാജന്റെ ഫോണിലേക്കും തിരിച്ചും പല തവണ വിളിച്ചിട്ടുണ്ട്. ഇയാളെയും ചോദ്യംചെയ്യാൻ തീരുമാനിച്ചു.ശനിയാഴ്ച തൃശൂർ പൊലീസ് ക്ലബ്ബിലായിരുന്നു ദിപിനെയും ലബീഷിനെയും ചോദ്യം ചെയ്തത്. രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ രണ്ടു മണിക്കൂർ നീണ്ടു. ഇരുവരും ധർമരാജനുമായി ഫോണിൽ സംസാരിച്ചതിന്റെ തെളിവ് പൊലീസിന് ലഭിച്ചിരുന്നു. ധർമരാജൻ സുരേന്ദ്രനുമായി ബന്ധപ്പെട്ടതിന്റെ വിവരമാണ് പൊലീസ് ചോദിച്ചറിഞ്ഞത്. തെരഞ്ഞെടുപ്പുകാലത്ത് ബന്ധപ്പെട്ടത് അറിയില്ല. തെരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണം ധർമരാജനെ ഏൽപ്പിച്ചിരുന്നുവെന്ന ബിജെപി നേതാക്കളുടെ മൊഴി ഇരുവരും ആവർത്തിച്ചു.
പ്രതികളെ സഹായിച്ചെന്ന സംശയത്തിൽ കൊടുങ്ങല്ലൂർ സ്വദേശി റജിലിൽനിന്നും അന്വേഷകസംഘം മൊഴിയെടുത്തു. പ്രതികളിലൊരാൾ രണ്ടുലക്ഷം കൈമാറിയെന്ന വിവരത്തെത്തുടർന്നാണ് ഇയാളെ വിളിപ്പിച്ചത്. ചോദ്യം ചെയ്യലിനൊടുവിൽ ഈ പണം കൈമാറാമെന്ന വ്യവസ്ഥയിൽ റജിലിനെ വിട്ടയച്ചു.