സാവോ പോളോ > കോപ അമേരിക്ക ഫുട്ബോൾ 13ന് നടക്കുമോയെന്ന് കണ്ടറിയണം. കൊളംബിയയേയും അർജന്റീനയേയും ഒഴിവാക്കി ബ്രസീലിനെ വേദിയായി നിശ്ചയിച്ചെങ്കിലും അനിശ്ചിതത്വം ബാക്കി. കോവിഡ് സാഹചര്യത്തിൽ ഇക്കുറി ടൂർണമെന്റ് നടത്തേണ്ടെന്ന് ബ്രസീൽ ഫുട്ബോൾ ടീം നിലപാട് എടുത്തതായാണ് സൂചന.
എട്ടിന് പരാഗ്വേക്കെതിരെ അവസാന ലോകകപ്പ് യോഗ്യതാ മത്സരവും കളിച്ചശേഷം നിലപാട് പ്രഖ്യാപിക്കുമെന്ന് ക്യാപ്റ്റൻ കാസിമെറോ വ്യക്തമാക്കി.
ഇപ്പോഴത്തെ ശ്രദ്ധ ലോകകപ്പ് യോഗ്യതയിലാണ്. എന്നാൽ കോപ്പയുടെ കാര്യത്തിൽ ഉറച്ചനിലപാടുണ്ട്. കളിക്കാരും കോച്ചും ഒന്നിച്ച് ഒരു അഭിപ്രായം പറയും. അതിൽ സംശയം വേണ്ടെന്ന് കാസിമെറോ പറഞ്ഞു.
ജൂൺ 13 മുതൽ ജൂലൈ 10 വരെ കൊളംബിയയിലും അർജന്റീനയിലുമായിരുന്നു ടൂർണമെന്റ് നിശ്ചയിച്ചിരുന്നത്. കൊളംബിയയിലെ ആഭ്യന്തര പ്രശ്നം തിരിച്ചടിയായി. അർജന്റീനയിൽ കോവിഡ് രോഗികൾ കൂടി .
ഈ സാഹചര്യത്തിലാണ് ആതിഥേയരാകാൻ ബ്രസീൽ തയ്യാറായത്. എന്നാൽ കോവിഡ് വ്യാപനം ഉള്ളതിനാൽ ടൂർണമെന്റിന് ജനങ്ങൾ എതിരാണ്. പ്രതിപക്ഷ പാർടികളും മറ്റ് സംഘടനകളും രംഗത്തുവന്നു. അതിനിടെയാണ് ദേശീയ ടീമിന്റെ തീരുമാനം.
ഇടവേളകളില്ലാതെ നടത്തി കോപയുടെ പ്രസക്തി നഷ്ടമാക്കിയെന്ന വിമർശനവുമുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനിടെ നാലാമത്തെ ടൂർണമെന്റാണിത്.