ലണ്ടൻ > നികുതിയടയ്ക്കുന്നത് ഒഴിവാക്കാൻ വൻകിട കോർപറേറ്റുകളുടെ സൂത്രപ്പണി അവസാനിപ്പിക്കാൻ ‘ജി 7’ രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തിൽ തീരുമാനം. ബഹുരാഷ്ട്ര കമ്പനികൾക്ക് അവ പ്രവർത്തിക്കുന്ന രാജ്യത്ത് കുറഞ്ഞത് 15 ശതമാനം നികുതി ഏർപ്പെടുത്താൻ തത്വത്തിൽ തീരുമാനം. വൻതോതിൽ നികുതി ഇളവ് നൽകുന്ന ചെറു രാജ്യങ്ങളെ ആസ്ഥാനമാക്കി മാറ്റുകയും ആഗോളതലത്തിൽ പ്രവർത്തിച്ച് വരുമാനത്തിന് ആനുപാതികമായ നികുതി അടയ്ക്കുന്നതിൽനിന്ന് ‘നിയമപരമായി’ ഒഴിവാകുകയും ചെയ്യുന്ന കോർപറേറ്റ് രീതി അവസാനിപ്പിക്കാൻ വർഷങ്ങളായി നടക്കുന്ന ചർച്ചയാണ് ഫലം കണ്ടതെന്ന് ബ്രിട്ടീഷ് ധനമന്ത്രി റിഷി സുനാക് പറഞ്ഞു.
വിവിധ രാജ്യങ്ങൾ നികുതി ഇളവ് നൽകി വൻകിട കമ്പനികളെ നാട്ടിലേക്ക് ആകർഷിച്ചു വരുന്നു. ഇവർക്ക് നൽകുന്ന ഇളവുകൾ പൊതു ഖജനാവിനെ സാരമായി പരിക്കേൽപ്പിക്കുകയും ചെയ്യുന്നു. കോവിഡ് കാലത്ത് ആകെ തകിടം മറിഞ്ഞ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ മിക്ക രാജ്യങ്ങൾക്കും ഈ ഇളവുകൾ പിൻവലിച്ചേ മയതിയാകൂ എന്ന നില വന്നു.
ഇന്റർനെറ്റ് അധിഷ്ഠിതമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് വിവിധ രാജ്യങ്ങളിൽ നികുതി ചുമത്തുന്നത് എങ്ങനെയെന്നതിലും ആശയക്കുഴപ്പമുണ്ടായിരുന്നു. അമേരിക്കയാണ് അടുത്തിടെ 15 ശതമാനം നികുതിയെന്ന നിർദേശം മുന്നോട്ട് വച്ചത്. ഫ്രാൻസും ജർമനിയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്തുണച്ചു.
കോവിഡ് കാലത്ത് ആദ്യമായാണ് ‘ജി 7’ ധനമന്ത്രിമാർ നേരിട്ട് യോഗം ചേർന്നത്.