തിരുവനന്തപുരം > നാല് മാസംകൊണ്ട് ഒരുകോടി ഡോസ് വാക്സിൽ വിതരണംചെയ്ത് സംസ്ഥാനം മാതൃകയായപ്പോൾ കൂടുതൽ ലഭിച്ചത് സ്ത്രീകൾക്ക്. 41,88,302 സ്ത്രീകളും 38,01,982 പുരുഷൻമാരുമാണ് ഇതുവരെ വാക്സിനെടുത്തത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജ്യണൽ വാക്സിൻ സ്റ്റോറുകളിൽനിന്നാണ് ജില്ലകളിലെ സ്റ്റോറേജിലേക്ക് വാക്സിൻ എത്തിക്കുന്നത്. ജനസംഖ്യ, വാക്സിന്റെ ഉപയോഗം, വാക്സിൻ സ്റ്റോക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് വിതരണം. പ്രവാസികൾക്ക് കോവിഷീൽഡ് രണ്ടാം ഡോസ് വാക്സിൻ നാലുമുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ നൽകാനും പ്രത്യേക വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനുമുള്ള സർക്കാർ തീരുമാനം ഏറെ പ്രശംസ നേടി. 40 –-44 പ്രായക്കാർക്ക് മുൻഗണനാക്രമമില്ലാതെ വാക്സിൻ നൽകാനും തീരുമാനിച്ചു.
കേന്ദ്രം നൽകിയത് 95.29 ലക്ഷം ഡോസ്
86,84,680 ഡോസ് കോവിഷീൽഡ് വാക്സിനും 8,44,650 ഡോസ് കോവാക്സിനും ഉൾപ്പെടെ 95,29,330 ഡോസാണ് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ചത്. 7,46,710 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ 8,84,290 ഡോസ് വാക്സിൻ നേരിട്ട് വില കൊടുത്തുവാങ്ങി. ആകെ 1,04,13,620 ഡോസ് വാക്സിനാണ് ലഭ്യമായത്. ഇനിയും കോടിക്കണക്കിന് വാക്സിൻ ഡോസ് ലഭിച്ചാലേ എല്ലാവർക്കും വിതരണം ഉറപ്പിക്കാനാകൂ.
ഇതിന് കേന്ദ്രം നേരിട്ട് ആഗോള ടെൻഡർ വിളിക്കണമെന്നും കൂടുതൽ വാക്സിൻ അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു.