ന്യൂഡൽഹി > അടുത്തവർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിലെ കോൺഗ്രസിൽ തമ്മിലടി രൂക്ഷം. മുഖ്യമന്ത്രി അമരീന്ദർ സിങ്ങും മുൻമന്ത്രി നവ്ജ്യോത്സിങ് സിദ്ദുവും തമ്മിലാണ് ഗ്രൂപ്പുപോര്. 15 എംഎൽഎമാർ സിദ്ദുവിനൊപ്പമുണ്ട്. 2022 തെരഞ്ഞെടുപ്പിനെ അമരീന്ദറിനെ മുന്നിൽനിർത്തി നേരിടരുതെന്നാണ് സിദ്ദുപക്ഷം ആവശ്യപ്പെടുന്നത്.
ഹൈക്കമാൻഡ് രൂപീകരിച്ച മൂന്നംഗ സമിതി നേതാക്കളുമായി കൂടിയാലോചന നടത്തി. സമിതി രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകും.
രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, സംസ്ഥാനത്തിന്റെ ചുമതലക്കാരൻ എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്, മുൻ എംപി ജെ പി അഗർവാൾ എന്നിവരുൾപ്പെട്ട സമിതിയാണ് ഡൽഹിയിൽ നാലു ദിവസമായി പഞ്ചാബിൽനിന്നുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
സിദ്ദുവിന് ഉപമുഖ്യമന്ത്രി സ്ഥാനമോ മന്ത്രിസ്ഥാനമോ നൽകി അനുനയിപ്പിക്കാനുള്ള ശ്രമവും നടക്കുന്നു.