തിരുവനന്തപുരം> ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് ഹെലിക്കോപ്റ്ററില്‍ പണം കടത്തിയോയെന്ന് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് എം പി . രണ്ടിടത്താണ് ഇത്തവണ സുരേന്ദ്രൻ മത്സരിച്ചത്. അതിൽ തന്നെ ദുരൂഹതയാണ്. ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കുന്നത് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ കൂട്ടേണ്ടതാണ്.
സുരേന്ദ്രന് നല്കിയ ചെലവില്‍ ഹെലിക്കോപ്റ്റര്‍ വാടക ഈടാക്കിയിട്ടുണ്ടോ, എവിടെയൊക്കെ സഞ്ചരിച്ചു എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിക്കണം. സുരേഷ് ഗോപി അടക്കം സ്ഥാനാര്‍ത്ഥികള്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചതും അന്വേഷിക്കണം. കെ മുരളീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മൂന്ന് കോടി വരെ ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും കേന്ദ്രം നല്‍കിയിട്ടുണ്ടെന്ന് ബിജെപിയിലെ പലരും പറയുന്നു. എന്നാല്‍ 25‐ മുതൽ 30 ലക്ഷം രൂപയാണ് കൈയില്‍ ലഭിച്ചിട്ടുള്ളൂ എന്നാണ് പല സ്ഥാനാര്‍ത്ഥികളും പറയുന്നത്. കോടികള്‍ ഒഴുക്കിയാണ് എല്ലാ സംസ്ഥാനത്തും ബിജെപി മത്സരിച്ചത്. കോവിഡ് തടയാനല്ല, ബംഗാള്‍ പിടിക്കുകയായിരുന്നു മോഡിക്കും അമിത് ഷായ്ക്കും താത്പര്യം. കോടികളാണ് അതിന് ചിലവഴിച്ചത്.
കൊടകര കുഴല്‍പ്പണക്കേസിൽ ബിജെപിയിലും മുന്നണിയിലും പെട്ടവരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതിൽ നിഷ്പക്ഷമായ അന്വേഷണമാണെങ്കില്‍ നരേന്ദ്ര മോഡിയില്‍ വരെ ചെന്നെത്തിയേക്കാം. ഈ കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ മുരളീധരൻ പറഞ്ഞു.