തൃശൂർ> തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന പേരിൽ ബിജെപി കുഴൽപ്പണം കടത്തിയ കേസിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനും ഡ്രൈവർ ലബീഷും ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 10ന് തൃശൂർ പൊലീസ് ക്ലബിലാണ് ഹാജരായത്.
കുഴൽപണം കടത്തിയ. ധർമ്മരാജിനെ ഫോണിൽ ബന്ധപ്പെട്ടവരിൽ നിന്നുള്ള തെളിവെടുപ്പുകളാണ് നടക്കുന്നത്. സംഘടനാ സെക്രട്ടറിയടക്കമുള്ളവർ ഒന്നിലേറെ തവണയാണ് ധർമ്മരാജുമായി ബന്ധപ്പെട്ടത്. ചോദ്യം ചെയ്തവരെല്ലാം നൽകിയ മൊഴി തെരഞ്ഞെടുപ്പ് സാമഗ്രികളെത്തിച്ചതാണെന്നാണ്. എന്നാൽ ഈ മൊഴി അന്വേഷണ സംഘം തള്ളിയിരുന്നു. ധർമ്മരാജിൻറെ മൊഴിയിൽ നിന്നു തന്നെ പണവുമായാണ് എത്തിയതെന്ന് വ്യക്തമായിരുന്നു. ഇതാണ് നേതാക്കളുടെ വിളികൾ കൂടുതൽ കുരുക്കിലാക്കുന്നത്.
അതിനിടെ കേസ് അന്വേഷണം കോന്നിയിലേക്കും വ്യാപിപ്പിച്ചു. കെ സുരേന്ദ്രൻ മത്സരിച്ച മണ്ഡലമാണിത്. കോന്നിയിൽ സുരേന്ദ്രനുൾപ്പെടെ നേതാക്കൾ താമസിച്ച ഹോട്ടലിൽനിന്ന് അന്വേഷണ സംഘം വിവരം ശേഖരിച്ചു. എത്ര മുറി എടുത്തിരുന്നു. ഇതിന്റെ പണമിടപാട് തുടങ്ങിയ വിവരങ്ങളാണ് ശേഖരിച്ചത്. ധർമരാജന്റെ മൊഴിപ്രകാരം ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത, ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള എൽ പത്മകുമാർ എന്നിവരെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കോന്നിയിലെ അന്വേഷണം.
കേസിൽ ധർമരാജന്റെ സഹോദരൻ ധനരാജനെയും ചോദ്യംചെയ്തു. തൃശൂർ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് വെള്ളിയാഴ്ച ചോദ്യംചെയ്തത്. ധർമരാജനൊപ്പം കാറിൽ ധനരാജും ഉണ്ടായിരുന്നതായി സൂചന ലഭിച്ചു. കാറിൽ മൂന്നരക്കോടിയുണ്ടായതായി ധർമരാജൻ കോടതിയിൽ മൊഴി നൽകിയിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് ധനരാജനെയും വിളിപ്പിച്ചത്. ധർമരാജന്റെ ഡ്രൈവർമാരെയും ചോദ്യംചെയ്തു. ബിജെപി സംസ്ഥാന ഓഫീസ് ജീവനക്കാരൻ മിഥുനെയും ചോദ്യം ചെയ്തു.
കുഴൽപ്പണം ഹൈക്കോടതി
ഇഡിയുടെ
വിശദീകരണം തേടി
ബിജെപി നേതാക്കൾ ഉൾപ്പെട്ട കുഴൽപ്പണ തട്ടിപ്പുകേസ് അന്വേഷിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇഡിയുടെ നിലപാട് തേടി. ഇഡി ഒരാഴ്ച സമയം ആവശ്യപ്പെട്ടു. സലീം മടവൂർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് മേരി ജോസഫ് പരിഗണിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും പരാതിയിൽ ഇഡി നടപടിയെടുക്കുന്നില്ലെന്ന് കാണിച്ചാണ് ഹർജി.
ഇഡി വിവരം ശേഖരിച്ചു
കൊടകര കുഴൽപ്പണക്കേസിൽ പ്രത്യേക അന്വേഷക സംഘത്തിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവരം ശേഖരിച്ചു. കേസ് ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പത്തുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് കോടതി നിർദേശിച്ചത്. ഇതിനു പിന്നാലെയാണ് ഇഡി അന്വേഷക സംഘത്തിൽ നിന്ന് വിവരം ശേഖരിച്ചത്. എഫ്ഐആറും ശേഖരിച്ചു.
കുഴല്പ്പണക്കേസിൽ പ്രതിക്ക് ജാമ്യമില്ല
കൊടകര കുഴൽപ്പണക്കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. മൂന്നാം പ്രതി രഞ്ജിത്തിന്റെ ഭാര്യയും കേസിൽ 20––ാം പ്രതിയുമായ വെള്ളിക്കുളങ്ങര കോടാലി പാഡി വല്ലത്ത് ദീപ്തിയുടെ (34) ജാമ്യാപേക്ഷയാണ് തൃശൂർ ജില്ലാ സെഷൻസ് ജഡ്ജി ഡി അജിത്കുമാർ തള്ളിയത്. ഏപ്രിൽ മൂന്നിന് പുലർച്ചെ നാലരക്ക് കൊടകരയിലാണ് കവർച്ച. രണ്ടു കാറുകളിലായി വന്ന പ്രതികൾ കള്ളപ്പണവുമായി പോവുകയായിരുന്ന എർട്ടിഗ കാറിലിടിപ്പിച്ചശേഷം വണ്ടി തടഞ്ഞു. ഡ്രൈവറെയും, സുഹൃത്തിനെയും വലിച്ചിറക്കി ദേഹോപദ്രവമേൽപിച്ച് കാറും പണവും കൂട്ടായി കവർച്ചചെയ്തുവെന്നാണ് കേസ്. കേസിൽ ഒന്നരക്കോടിയിലധികം രൂപ ഇതുവരെ അന്വേഷകസംഘം പ്രതികളിൽ നിന്നും മറ്റുമായി കണ്ടെടുത്തു. 21 പ്രതികളെ അറസ്റ്റു ചെയ്തു.
ദീപ്തിയെ ചോദ്യം ചെയ്തപ്പോൾ ഭർത്താവ് രഞ്ജിത് തന്റെ കയ്യിൽ പണം ഏല്പിച്ചിട്ടില്ലെന്നാണ് മൊഴി നൽകിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഏഴ് ലക്ഷം രൂപ കിട്ടിയെന്ന് ദീപ്തി സമ്മതിച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്തപ്പോൾ നാല് ലക്ഷത്തോളം രൂപ സുഹൃത്തിനെ ഏല്പിച്ചതായും കൂടാതെ കവർച്ചപ്പണമുപയോഗിച്ച് ഒമ്പത് പവൻ സ്വർവണാഭരണങ്ങൾ വാങ്ങിയതായും സമ്മതിച്ചു. ആഭരണങ്ങൾ ദീപ്തിയിൽ നിന്നും കണ്ടെടുത്തിരുന്നു. വൻ സംഖ്യ കവർച്ച ചെയ്ത വിവരം അറിഞ്ഞിട്ടും മറച്ചുവച്ച് അന്വേഷണത്തെ വഴിതെറ്റിക്കാൻ പ്രതി ശ്രമിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ കെ ഡി ബാബു വാദിച്ചു. കൊള്ളയടിക്കപ്പെട്ട കുഴൽപ്പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരുന്നതിനാൽ ജാമ്യമനുവദിക്കരുതെന്നും വാദിച്ചു. ഈ വാദം സ്വീകരിച്ചാണ് കോടതി വജാമ്യാപേക്ഷ തള്ളിയത്. റിമാൻഡ് ചെയ്ത പ്രതി ഇരിങ്ങാലക്കുട മജിസ്ത്രേറ്റ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.