കാസര്കോട്> മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ അപരനെ ഒഴിവാക്കാനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കോഴ നൽകിയതായി ആരോപണം. കെ സുരേന്ദ്രന്റെ അപരനായി പത്രിക നല്കിയ കെ സുന്ദരയ്ക്ക് പിന്മാറാന് രണ്ടര ലക്ഷം രൂപയും ഫോണും കിട്ടിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. 15 ലക്ഷം രൂപയാണ് ആദ്യം വാഗ്ദാനം നല്കിയതെന്നും സുന്ദര പറയുന്നു.
ജയിച്ചു കഴിഞ്ഞാല് ബാക്കി നോക്കാമെന്നും വൈൻ പാർലർ നലകാമെന്നും സുരേന്ദ്രന് ഉറപ്പു നല്കിയതായും സുന്ദര വെളിപ്പെടുത്തി. പ്രാദേശിക ബിജെപി നേതാക്കളാണ് വീട്ടില് പണം എത്തിച്ചതെന്നും കെ സുരേന്ദ്രന് ഫോണില് ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര പറഞ്ഞു.
ആദിവാസി നേതാവ് സി കെ ജാനുവിന് മാനന്തവാടിയിൽ മത്സരിക്കാൻ പത്ത്ലക്ഷം രൂപ നൽകിയെന്ന വെളിപ്പെടുത്തലിന് പിറകെയാണ് അപരനെ മാറ്റാനും പണം നൽകിയെന്ന വാർത്ത പുറത്തുവരുന്നത്. കൊടകര കുഴൽപ്പണക്കേസിൽ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയും ഡ്രെവർ ലബീഷിനേയും ഇന്ന് തൃശൂർ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യാനിരിക്കെയാണ് പുതിയ ആരോപണം
ബിഎസ്പി സ്ഥാനാര്ഥിയായി നാമനിര്ദേശ പത്രിക നല്കിയ സുന്ദര പിന്നീട് പത്രിക പിന്വലിക്കുകയായിരുന്നു. പത്രിക പിന്വലിക്കുന്നതിന്റെ തലേദിവസം ഇയാളെ കാണാനില്ലെന്ന് ബിഎസ്പി ജില്ലാ നേതൃത്വം പോലീസില് പരാതി നല്കിയിരുന്നു. തുടര്ന്ന് അടുത്ത ദിവസം ബിജെപി മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില് പ്രത്യക്ഷപ്പെട്ട സുന്ദര അവിടെ വെച്ച് മാധ്യമങ്ങളെ കണ്ട് താന് സ്ഥാനാര്ഥിത്വത്തില് നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
2016-ല് സ്വതന്ത്ര സ്ഥാനാര്ഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകള് നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രന് മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ബിജെപി കാസർക്കോട് ജില്ലാ പ്രസിഡന്റ് പ്രതികരിച്ചു.